മലപ്പുറം-മലബാറിന്റെ നികുതി വിഹിതം മലബാറിന് തിരിച്ചു കൊടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃച്ഛികമല്ല എന്ന പേരിൽ മലപ്പുറത്ത് സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം മുന്നണികളുടെ സങ്കുചിത നിലപാട് തന്നെയാണ്. നാളിതുവരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നിട്ടുള്ളതിൽ ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. മുന്നണികൾക്ക് നേതൃത്വം കൊടുക്കുന്നവരും പ്രധാന ഘടകകക്ഷികളുമെല്ലാം മലബാറിൽ നിന്നുള്ളവരാണ്. പക്ഷേ അവരുടെ സങ്കുചിത നിലപാടുകളുടെ പേരിലാണ് മലബാർ ഇപ്പോഴും അവഗണനയിൽ തുടരുന്നത്. മാറി മാറി വന്ന മുന്നണി സംവിധാനങ്ങൾ മലബാറിനോട് നീതി കാണിച്ചിട്ടില്ല.
സ്വപ്രയത്‌നം കൊണ്ട് പ്രാപ്തി നേടിയ ഒരു തലമുറയ്ക്ക് തുടർവിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാത്തതും ജനസംഖ്യാനുപാതികമായി ചികിൽസാ സൗകര്യമൊരുക്കാത്തതും മലബാറിന് അവകാശപ്പെട്ട ബജറ്റ് വിഹിതം അനുവദിക്കാത്തതും യാദൃശ്ചികമല്ല. ദശലക്ഷക്കണക്കിന് മലയാളികളുടെ ഉപജീവന മാർഗത്തിന് അവലംബിക്കുന്ന അറബി ഭാഷയുടെ പേരിൽ കേരളത്തിൽ ഒരു സർവകലാശാല സ്ഥാപിക്കാൻ മനസ് കാണിക്കാത്തവർ സംസ്‌കൃത സർവകലാശാലയുടെ പേരിൽ ഊറ്റം കൊള്ളുകയാണ്. ആളോഹരി വരുമാനവും അടിസ്ഥാന വികസനവും ഏറ്റവും കുറഞ്ഞ ജില്ലയാണ് മലപ്പുറം. മലബാർ നേരിടുന്ന സാമൂഹികവും പ്രാദേശികവുമായ അസമത്വം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് വോട്ടുബാങ്ക് കുറഞ്ഞ മേഖലയാണെന്നു കരുതി ഇടതു മുന്നണിയും അന്ധമായി വോട്ടു ചെയ്യുന്ന മേഖല എന്ന നിലയിൽ വലതു മുന്നണിയും തുല്യമായ അവഗണനയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. മലബാറിനോടുള്ള അവഗണനയും വിവേചനവും സംബന്ധിച്ച് സമഗ്രപഠനം നടത്തി നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നതിന് നിയമസഭാ സാമാജികരുടെ സംയുക്ത സമിതിയെ നിയോഗിക്കുക, പരിഹാര നടപടികൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ജനസംഖ്യാനുപാതികമായി റവന്യൂ-ഭരണ സംവിധാനങ്ങൾ വിഭജിക്കുക, മലബാറിൽ സെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും അനുവദിക്കുക, മാവൂർ ഗ്വാളിയോർ റയോൺസിന്റെ 236 ഏക്കർ ഭൂമി മലബാറിന്റെ വികസന പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഭരണം കൈയാളുമ്പോൾ വിഭവങ്ങളിൽ നീതിപൂർവം വിഹിതം നൽകേണ്ടവർ മലബാറിനെ അവഗണിക്കുകയായിരുന്നു. എന്തെങ്കിലും വികസനം ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം മലബാറിലെ ജനങ്ങളുടെ ഉദാര മനസ്‌കത കൊണ്ടുകൂടിയാണ്. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൾ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, പി.പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ പി.ആർ സിയാദ്, കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, വി.ടി ഇഖ്‌റാമുൽ ഹഖ്, വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ, എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ബാബു ചാലിപ്പുറം, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി, അരീക്കൻ ബീരാൻ കുട്ടി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുർഷിദ് ഷമീം, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കെ ടി അലവി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി എന്നിവർ പ്രസംഗിച്ചു.