കൊച്ചി- പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട പോക്കിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അടക്കമുള്ളവരെ വെട്ടിലാക്കി. ആഡംബര കാറായ മിനി കൂപ്പര്‍ വാങ്ങി വിവാദത്തിലായ സി.ഐ.ടി.യു നേതാവ് അനില്‍കുമാറിനെ തൊഴിലാളി യൂണിയനില്‍നിന്നു മാത്രമല്ല, സി.പി.എമ്മില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന് ഗോവിന്ദന്‍ മാഷ് നിലപാടെടുത്തു. 'കൂപ്പര്‍ കുമാരന്മാര്‍ പാര്‍ട്ടിയില്‍ വേണ്ട' എന്നാണ് അദ്ദേഹം പറഞ്ഞ വാചകം. അനില്‍കുമാറിന്റെ ആഡംബര ജീവിതത്തെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടായിട്ടും അത് തടയാന്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞത് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനെ തന്നെ ഉദ്ദേശിച്ചായിരുന്നു. അനില്‍കുമാര്‍ സെക്രട്ടറിയായ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ മോഹനനോട് ഗോവിന്ദന്‍ മാഷ് നിര്‍ദേശിച്ചു. ജില്ലാ സെക്രട്ടറിക്ക് യൂണിയന്‍ ഭാരവാഹിത്വം അധികഭാരമാകുമെന്ന് പറഞ്ഞാണ് ഒഴിയാന്‍ നിര്‍ദേശിച്ചത്. ഏറ്റവുമുയര്‍ന്ന ശമ്പളം വാങ്ങുന്ന പെട്രോളിയം മേഖലയിലെ ജീവനക്കാരുടെ സംഘടനയെ ചില നേതാക്കള്‍ കറവപ്പശുവാക്കുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള നടപടിയാണ് സംസ്ഥാന സെക്രട്ടറിയില്‍ നിന്നുണ്ടായത്. താന്‍ നേരത്തെ തന്നെ ഒഴിയാന്‍ തീരുമാനിച്ചുവെന്ന് പറഞ്ഞ് സി.എന്‍ മോഹനന്‍ മുഖം രക്ഷിച്ചു.
പി.വി ശ്രീനിജന്‍ എം.എല്‍.എയെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നത് അനാവശ്യവിവാദങ്ങളില്‍ തലവെച്ചുകൊടുക്കുന്ന ശ്രീനിജനെതിരായ താക്കീതായി. എം.എല്‍.എക്ക് ഒരുപാട് ജോലി ഉള്ളപ്പോള്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കേണ്ടതില്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് ശ്രീനിജന്‍ പനമ്പിള്ളി നഗറിലെ സ്പോര്‍ട്സ് മൈതാനം പൂട്ടിയിട്ടത് വലിയ വിവാദമായിരുന്നു. പാര്‍ട്ടി തള്ളിപ്പറഞ്ഞതോടെ ഒരു വര്‍ഷ കാലാവധി ബാക്കിയുള്ള ശ്രീനിജന്‍ ഉടന്‍ രാജിവെക്കും. താന്‍ രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാലുടന്‍ രാജിക്കത്ത് നല്‍കുമെന്നും ശ്രീനിജന്‍ അറിയിച്ചു.