റിയാദ് - സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനമായി കുറയുന്നതിന് ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനമാണ്. ഇത് ഇരുപതു ശതമാനമായി കുറയുന്നതിന് ഡ്രൈവിംഗ് അനുമതി സഹായകമാകും. നിലവിൽ സൗദി വനിതാ ജീവനക്കാർ 5,60,000 ഓളം ആണ്. സൗദി ജീവനക്കാരിൽ വനിതകൾ 22 ശതമാനമാണ്. ഇത് മുപ്പതു ശതമാനമായി 2030 ഓടെ ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടു വർഷത്തിനുള്ളിൽ മുപ്പതു ശതമാനത്തിൽ നിന്ന് ഇരുപതു ശതമാനമായി കുറയ്ക്കുന്നതിന് ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്ന് കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഇക്കണോമിക്‌സ് കോളേജ് മാനവശേഷി വിഭാഗം മേധാവി ഡോ. ഖാലിദ് അൽമൈമനി പറഞ്ഞു.
സ്വകാര്യ മേഖലയിൽ വനിതാവൽക്കരണത്തിന് നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിൽ ഒന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് വനിതകൾ നേരിടുന്ന പ്രശ്‌നമാണ്. സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള ധനസഹായ പദ്ധതി അടുത്ത കാലത്ത് ആരംഭിക്കുന്നതിന് ഇതാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
അനുയോജ്യമായ യാത്രാ സൗകര്യങ്ങളുടെ അഭാവമാണ് അടുത്ത കാലത്ത് വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതിന് പ്രധാന കാരണം. ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലെ തൊഴിൽ സ്ഥലങ്ങളിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുക വനിതാ ജീവനക്കാർക്ക് എളുപ്പമല്ല. ഡ്രൈവിംഗ് അനുമതി മൊത്തം ആഭ്യന്തരോൽപാദനത്തിൽ വനിതകളുടെ സംഭാവന വർധിപ്പിക്കുന്നതിന് സഹായിക്കും. പുതിയ നിരവധി മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും വനിതകൾക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. വാഹന മേഖലയിലും ഈ മേഖലയുമായി ബന്ധപ്പെട്ട ഇൻഷുറൻസ്, ബാങ്കിംഗ്, ഫിനാൻസ് അടക്കമുള്ള മേഖലകളിലും സൗദിവൽക്കരണം വർധിക്കുന്നതിന് ഡ്രൈവിംഗ് അനുമതി സഹായിക്കും. വിദേശ തൊഴിലാളികളെ ജോലിക്കു വെക്കുന്നതിന് പ്രതിവർഷം ചെലവഴിക്കുന്ന ബില്യൺ കണക്കിന് ഡോളർ ലാഭിക്കുന്നതിന് വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്നും ഡോ. ഖാലിദ് അൽമൈമനി പറഞ്ഞു. സാമ്പത്തിക, സാമൂഹിക വികസന മേഖലകളിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്ന് സൗദി ലേബർ കമ്മിറ്റി യൂനിയൻ സ്ഥാപക കമ്മിറ്റി പ്രസിഡന്റ് നിദാൽ റിദ്‌വാൻ പറഞ്ഞു.
എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതും ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതും ഡ്രൈവിംഗ് അനുമതി വനിതകൾക്ക് എളുപ്പമാക്കും. ജോലി സ്ഥലത്തേക്കുള്ള യാത്രാ ചെലവുകൾ കുറയ്ക്കുന്നതിനും ഇത് വനിതകളെ സഹായിക്കും. ഗതാഗതം, പരിശീലനം, ടൂർ ഗൈഡ് അടക്കമുള്ള നിരവധി മേഖലകളിലെ തൊഴിലവസരങ്ങൾ ഇതിലൂടെ വനിതകൾക്കു മുന്നിൽ തുറക്കപ്പെടുകയാണ്. വിദേശ ഡ്രൈവർമാരുടെ എണ്ണം പടിപടിയായി കുറയും. ഇതുവഴി വിദേശത്തേക്കുള്ള പണമൊഴുക്കും കുറയും. ലോകമെങ്ങും പുരുഷന്മാരെ അപേക്ഷിച്ച് വനിതകളാണ് ഗതാഗത നിയമങ്ങൾ കൂടുതലായി പാലിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താൽ സൗദിയിൽ വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കുറയുന്നതിനും വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിദാൽ റിദ്‌വാൻ പറഞ്ഞു.