ഇടുക്കി-തിരുനെല്‍വേലിക്ക് സമീപം കളക്കാട് മുണ്ടന്‍തുറെ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ പുതിയ സ്ഥലവുമായി ഇണങ്ങാന്‍ ശ്രമിക്കുന്നതായി തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റേഡിയോ കോളര്‍ വഴിയും ക്യാമറ ട്രാപ്പ് വഴിയും ആനയെ നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. തമിഴ്നാട് എന്‍വയോണ്‍മെന്റ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്റ് ഫോറസ്റ്റ് ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ഇക്കാര്യം ഇന്നലെ വൈകിട്ട് ട്വീറ്റിലൂടെ അറിയിച്ചത്.
നേരത്തെ കമ്പത്തെ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. കഴിഞ്ഞ 7ന് ആണ് ആനയെ കളക്കാട് മുണ്ടന്‍തുറെ കടുവാ സങ്കേത്തില്‍പ്പെട്ട കോടയാര്‍ വനമേഖലയിലെ മുത്തുക്കുഴി ഡാമിന് സമീപം തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്.
ഇതിനിടെ അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹരജിയാണ് മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് ഇന്നലെ തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു.