ദുബായ്- യു.എ.ഇയുടെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ പഴക്കമുള്ള പുരാവസ്തു സൈറ്റുകൾ കണ്ടെത്തി. ബി.സി 1300 വർഷം വരെ പഴക്കം കണക്കാക്കുന്ന പ്രദേശങ്ങളാണ് അബുദാബിയിൽനിന്ന് കണ്ടെത്തിയതെന്ന് എമിറേറ്റിന്റെ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബുദാബി) പ്രഖ്യാപിച്ചു. അൽ ഐനിലെ കുവൈറ്റ് ഏരിയയിലെ ഷാബിയ പരിസരത്ത് റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനിടയിലാണ് ചരിത്രപ്രാധാന്യമുള്ള സ്ഥലം കണ്ടെത്തിയത്. സെമിത്തേരിയാണ് കണ്ടെത്തിയത്. സെറാമിക്സ് വസ്തുക്കൾ, വെങ്കല പാത്രങ്ങളും മറ്റ് ഗ്ലാസ് പാത്രങ്ങളും, അലബസ്റ്റർ പാത്രങ്ങൾ എന്നിവയും നന്നായി സംരക്ഷിക്കപ്പെട്ട ഇരുപതോളം വ്യക്തിഗത ശവക്കുഴികൾ കണ്ടെത്തി. ശവക്കല്ലറയിൽനിന്ന് അമ്പുകൾ, കുന്തങ്ങൾ, നിരവധി വാളുകൾ എന്നിവയുൾപ്പെടെ നിരവധി ഇരുമ്പ് ആയുധങ്ങളും കണ്ടെത്തി.
ഈ സെമിത്തേരിയുടെ അസ്തിത്വം സൂചിപ്പിക്കുന്നത്, അതേ കാലഘട്ടത്തിലെ ഒരു വാസസ്ഥലം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ടാകാമെന്നും, ഈ പ്രദേശത്ത് ആഴത്തിലുള്ള ഭൂഗർഭ ജല ചാനലുകളുടെ (അഫ്‌ലാജ്) സാന്നിധ്യം ഇവിടെ ഉണ്ടായിട്ടാണ്ടുകുമെന്നുമാണെന്ന് ഗവേഷകർ പറയുന്നു. അൽ ഐനിലെ ചരിത്രപരമായ ഭൂപ്രകൃതി ഈ നിരീക്ഷണത്തിന് സാധൂകരണം നൽകുന്നതുമാണ്.
അൽ ഖറൈസ് പ്രദേശത്തിന്റെ 11.5 കിലോമീറ്റർ നീളത്തിൽ ഒരു പദ്ധതിയിൽ കൂടുതൽ നിധികളും കണ്ടെത്തി. ഒരു ശവകുടീരവും 35 ശവക്കുഴികളും അടങ്ങുന്ന ഇരുമ്പുയുഗ സെമിത്തേരി ഇതിൽ ഉൾപ്പെടുന്നു. അതിർത്തി വേലിക്കടുത്തുള്ള മറ്റൊരു പ്രദേശത്തുനിന്ന് ഇസ്്‌ലാമിന് മുമ്പുള്ള ശവകുടീരങ്ങൾ കണ്ടെത്തി. കൃഷിക്കും ശത്രുക്കളിൽനിന്ന് രക്ഷനേടാനുമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ് ഇവയെല്ലാം. മികച്ച രീതിയിൽ കൃഷി ചെയ്തിരുന്ന പ്രദേശമാണ് ഇവ എന്നാണ് കണക്കാക്കുന്നത്.
എമിറേറ്റിന്റെയും വിശാലമായ രാജ്യത്തിന്റെയും സമ്പന്നമായ ചരിത്രം അനാവരണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഡി.സി.ടി അബുദാബിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണ് അൽ ഐനിലെ സമീപകാല പുരാവസ്തു കണ്ടെത്തലുകളെന്ന് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ഈ പ്രദേശത്തെ ജീവിതത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാൻ ഞങ്ങൾ കാര്യമായ ശ്രമങ്ങൾ നൽകുന്നുണ്ട്. ഈ സംരംഭങ്ങളിലൂടെ, അബുദാബിയുടെ ഭൂതകാലത്തിന്റെ കൂടുതൽ പൂർണ്ണമായ ചിത്രം ഞങ്ങൾക്ക് തുടർന്നും ലഭ്യമാകും. ഞങ്ങളുടെ പൂർവ്വികരുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയും പ്രാദേശികവും ലോകവ്യാപകവുമായ ശാസ്ത്രീയ വ്യവഹാരങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്..
അബുദാബിയിൽ ഖനനത്തിനിടെ കണ്ടെത്തിയ പുരാവസ്തു.