Sorry, you need to enable JavaScript to visit this website.

സുരേന്ദ്രന് രാമസിംഹന്റെ മറുപടി; മേയര്‍ സ്ഥാനം തേടിയല്ല വന്നത്

കൊച്ചി- രാഷ്ട്രീയക്കാരനെന്നും കലാകാരനെന്നുമുള്ള നിലക്ക് ബി.ജെ.പിയില്‍ ഇടം ലഭിച്ചില്ലെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ബി.ജെ.പിയില്‍നിന്ന് രാജിവച്ചത് അവിടെ പ്രവര്‍ത്തിക്കാന്‍ ഇടമില്ലാത്തതിനാലാണ.  സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതു കൊണ്ടാണ് രാജിയെന്ന വിമര്‍ശനം അദ്ദേഹം തള്ളി. ബി.ജെ.പിയില്‍ തന്നോട് ഒരു തരം തൊട്ടുകൂടായ്മ ഉണ്ടായിരുന്നുവെന്നും രാമസിംഹന്‍ ആരോപിച്ചു.

എല്ലാവര്‍ക്കും വീതിച്ചുനല്‍കാന്‍ ബിജെപിക്ക് കേരളത്തില്‍ അധികാര സ്ഥാനങ്ങളില്ല എന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിലപാടിനെ രാമസിംഹന്‍ വിമര്‍ശിച്ചു. ''മേയറെ കിട്ടണമെങ്കില്‍ ആദ്യം ജയിക്കണ്ടേ? എന്തു ബാലിശമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്? ഒരു മേയറെ ഉണ്ടാക്കാനല്ലേ നമ്മളെല്ലാം ശ്രമിച്ചത്. അതിനല്ലേ ഞങ്ങളെല്ലാം വന്നത്. മേയറെ ഉണ്ടാക്കണമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കണം. ബിജെപിയുടെ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കണം. അവരുടെ കൂടെ നില്‍ക്കണം. വേരില്ലാത്ത മരങ്ങള്‍ ചെരിഞ്ഞുവീഴും. പാര്‍ട്ടി അതിന്റെ അനുയായികളെ അറിയണം.'

''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തുണ്ടായിരുന്ന ടി.പി.സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ട് ഇപ്പോഴും പുറത്തുനില്‍ക്കുന്നത്? അങ്ങനെ മഴയത്തു നിര്‍ത്തേണ്ടയാളാണോ അദ്ദേഹം? പാര്‍ട്ടിയിലേക്കു വരുന്ന സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുപോകുന്നത് ആരുടെ കുറ്റമാണ്? ആരാണ് എല്ലാവരെയും ചേര്‍ത്തു നിര്‍ത്തേണ്ടത്?'

''ഞങ്ങളൊന്നും മേയര്‍ സ്ഥാനം തേടി വന്നതല്ല. അക്കാര്യത്തില്‍ സുരേന്ദ്രന് തെറ്റുപറ്റി. നില്‍ക്കാന്‍ പറ്റാത്തിടത്ത് നില്‍ക്കാതിരിക്കുക, ഒഴിഞ്ഞു മാറുക. ഈ നിലപാട് പിന്‍പറ്റിയാണ് രാജിവച്ചത്. അല്ലാതെ പ്രത്യേക ഉദ്ദേശ്യം വച്ചിട്ടോ സ്ഥാനമാനങ്ങള്‍ കിട്ടാത്തതുകൊണ്ടോ അല്ല. സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കില്‍ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നില്‍ക്കേണ്ട കാര്യമില്ലല്ലോ.' ബിജെപി പല നേതാക്കള്‍ക്കെതിരെയും നടപടി എടുക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാമസിംഹന്‍ തുറന്നടിച്ചു.

 

Latest News