Sorry, you need to enable JavaScript to visit this website.

ചക്രവ്യൂഹവും അഭിമന്യുമാരും

പോസ്റ്റർ ഒട്ടിച്ചതിന്റെയോ ചുമരെഴുത്തിന്റെയോ തർക്കമായിരുന്നില്ല മഹാരാജാസ് കോളേജിന്റെയും ഇടുക്കിയിലെ അതിർത്തിഗ്രാമമായ കൊട്ടക്കാമ്പൂർ ഗ്രാമത്തിന്റെയും പ്രിയങ്കരനായ അഭിമന്യുവിന്റെ നിഷ്ഠുര കൊലപാതകത്തിന്റെ ഹേതു.  കോളേജിന്റെ പ്രവേശന കവാടത്തിൽ എഴുതിയ ചുമരെഴുത്തിനെക്കുറിച്ച് അഭിമന്യു എഴുതിച്ചേർത്ത മുന്നറിയിപ്പായിരുന്നു. 
കലാലയ വളപ്പിലെ സുഹൃത്ത് എന്നർത്ഥമുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരിന്റെ ചുരുക്കമായി 'സി.എഫ്.ഐ' എന്ന് അടയാളപ്പെടുത്തിയതായിരുന്നു ചുമരെഴുത്ത്.  നിഷ്‌കളങ്കരും ആദർശ ശാലികളുമായ യുവ വിദ്യാർത്ഥികളുടെ മനസ്സ് പിടിച്ചെടുക്കുന്ന വാക്കുകളാണ് അതിൽ കുറിച്ചിരുന്നത്: 'കാലം സാക്ഷി, കാരിരുമ്പും ചാട്ടവാറും തൂക്കുമരവും വിമോചനങ്ങൾക്ക് വിലങ്ങാവുന്നില്ല.'
സഹനവും ത്യാഗവും വിമോചനമെന്ന മഹത്തായ സ്വപ്‌നവും തെളിഞ്ഞുനിൽക്കുന്ന ആശയ ദൃശ്യം.  അതിലൊളിഞ്ഞിരിക്കുന്നത് കടുത്ത വർഗീയതയാണെന്ന് മുന്നറിയിപ്പായി ചേർത്തെഴുതി അഭിമന്യു: 'വർഗീയത തുലയട്ടെ'. മിഠായി കാണിച്ച് കുട്ടികളെ ആകർഷിക്കുന്നതു പോലെ നല്ലൊരു ആശയം നീട്ടി കലാലയത്തിൽ പ്രവേശനം നേടിയെത്തുന്നവരെ ആകർഷിക്കുകയാണ് വർഗീയ സംഘടനയെന്ന് അറിയിക്കുകയായിരുന്നു അഭിമന്യുവും കൂട്ടുകാരും. 
കാമ്പസ് ഫ്രണ്ടിന് കാണാമറയത്ത് ആശയപരമായും സംഘടനാപരമായും നേതൃത്വം നൽകുന്നവർ വെറും വർഗീയവാദികൾ മാത്രമായിരുന്നില്ല. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പ്രയോക്താക്കളായ അവരെ അഭിമന്യുവും സഹപ്രവർത്തകരും പക്ഷേ മനസ്സിലാക്കിയില്ല. ഇപ്പോൾ കൊലപാതകം സംബന്ധിച്ച പോലീസ് അന്വേഷണത്തിന്റെ വഴികളും പിടിക്കപ്പെട്ട പ്രതികളുടെ മൊഴികളും ഒളിവിലായവരെയും ഒളിപ്പിച്ചവരെയും സംബന്ധിച്ച് പോലീസ് കണ്ടെത്തിയ വിവരങ്ങളും അതിന്റെ ഭീകരരൂപം വെളിപ്പെടുത്തുന്നു. മുൻകൂട്ടി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത കൊല. അതിനായി തലേ ദിവസം തന്നെ പ്രതികളെ മഹാരാജാസിൽനിന്ന് ഏറെ അകലെയല്ലാത്ത വീട്ടിൽ രഹസ്യമായി എത്തിച്ചിരുന്നു. മഹാരാജാസ് കോളേജ് വളപ്പിലെ ഇടതുപക്ഷ ആശയതലവും അതിന്റെ പ്രതിരോധവും തകർത്ത് കാമ്പസ് ഫ്രണ്ടിന്റെ മുഖംമൂടി അണിയിച്ച് മുസ്‌ലിം വർഗീയ തീവ്രവാദത്തിനും ഭീകരതയ്ക്കും അരങ്ങൊരുക്കുക.  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ സന്ദേശം തന്നെ അതിന് ഏറ്റവും വലിയ തെളിവ്: 'ആർ.എസ്.എസിന്റെ ആളില്ലാ പോസ്റ്റിലേക്ക് ഗോളടിക്കുന്ന കളിയാവില്ല ആൺപിള്ളേരോട് കളിച്ചാൽ.' ആർ.എസ്.എസ് എന്ന ഹിന്ദുത്വ തീവ്രവാദത്തെ വെല്ലുന്ന മുസ്‌ലിം തീവ്രവാദ ഭീകര അജണ്ടയാണ് തങ്ങളുടേതെന്ന് അവർ സ്വയം അഭിമാനിക്കുന്നു.
മഹാരാജാസിൽ അരങ്ങേറിയ ഭീകരാക്രമണത്തെ ഒരു കൊലപാതകക്കേസ് മാത്രമായി ചുരുക്കിക്കാണുകയാണോ വേണ്ടത്? പ്രതികളെ പിടികൂടാനും തെളിവുകൾ പുറത്തു കൊണ്ടുവരാനും പോലീസ് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടു തന്നെ പറയട്ടെ, മത തീവ്രവാദികളുടെ പുതിയ നീക്കം വ്യാപിക്കുന്നതിനു മുമ്പ് ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം നൂറുവട്ടം ആലോചിക്കേണ്ടതില്ലേ, ഇനി എന്തു ചെയ്യണമെന്ന്. 
മുസ്‌ലിം തീവ്രവാദ സംഘടന നിർവഹിച്ചത് ഹിന്ദുത്വ തീവ്രവാദത്തിന്റെ കൊലക്കത്തിക്ക് മൂർച്ച കൂട്ടാനും ന്യായീകരണം നേടാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഇത് രണ്ട് ദിശകളിൽ നമ്മുടെ കലാലയ വളപ്പുകളുടെയും സമൂഹത്തിന്റെയും ഹൃദയവും കരളും രണ്ടായി പിളർക്കും. കേരള നവോത്ഥാനത്തിന്റെ പൈതൃകം പറഞ്ഞും ഇടതുപക്ഷം അതു മുന്നോട്ടു കൊണ്ടുപോയതിന്റെ അവകാശവാദം ഉന്നയിച്ചും പരിഹരിക്കാവുന്ന ഒരു സ്ഥിതിവിശേഷമല്ല ഈ ഗൂഢാലോചനയുടെ അജണ്ട.  കേരളത്തിൽ ഇതുവരെ 31 പേരെ കൊന്നുതള്ളിയതിന്റെ തുടർച്ചയാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കൂട്ടിവായിക്കണം. ഉടനടി മരണം ഉറപ്പു വരുത്തുന്ന കൊലപാതക പരിശീലനം കിട്ടിയ പുറത്തുനിന്നുള്ള കാപാലികരെയാണ് കൃത്യത്തിന് നിയോഗിച്ചത്. കരളും ഹൃദയവും ഒരു കുത്തിൽ പിളർത്താൻ പറ്റുന്ന പ്രത്യേക കൊലക്കത്തി ഏൽപിച്ചത്.  കൃത്യം നടത്തിയാൽ ഒരു കാരണവശാലും കത്തി സ്ഥലത്ത് ഉപേക്ഷിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയത്.  ഗൂഢാലോചനയിലും കൊലയിലും പങ്കാളികളായവരെ എറണാകുളം ജില്ലയ്ക്കു പുറത്തു ഒളിവിൽ കഴിയാൻ സഹായം ചെയ്തത്. 
ഇതിലേക്ക് വെളിച്ചം വീശുന്നതാണ് പിടിയിലായവരുടെ വെളിപ്പെടുത്തലുകൾ.  ചോദ്യം ചെയ്യലിലും തെളിവുകൾ ഒളിപ്പിക്കുന്നതിലും പ്രത്യേക വൈഭവം കാണിക്കുന്ന, തീവ്രവാദ സംഘടനാ പാരമ്പര്യം തെളിയിക്കുന്ന പ്രതികൾ -ഇതെല്ലാം കേരളത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ മനഃസാക്ഷിയെ അസ്വസ്ഥമാക്കുന്ന, ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഇതെല്ലാം വിരൽ ചൂണ്ടുന്നത് 1995 ൽ കേരളത്തിൽ നിലവിൽ വന്ന നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന തീവ്ര വർഗീയ - മതമൗലിക സംഘത്തിലേക്കും അതിന്റെ തുടർരൂപങ്ങളിലേക്കുമാണ്.  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ,  അതിന്റെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, അതിന്റെ വിദ്യാർത്ഥി മുഖമായ കാമ്പസ് ഫ്രണ്ട് തുടങ്ങിയവയിലേക്ക്. കാമ്പസ് ഫ്രണ്ടിന്റെ രണ്ടാമത്തെ ഇരയാണ് അഭിമന്യു.  2012 ജൂലൈയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ കോന്നി എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാൽ കുമാറിനെയും ഇതുപോലെ അവർ കുത്തിമലർത്തി.  അതിനു രണ്ടു വർഷം മുമ്പാണ് തൊടുപുഴ ന്യൂമാൻ കോളേജധ്യാപകന്റെ കൈ അവർ വെട്ടിയത്. 1993 നു ശേഷം എൻ.ഡി.എഫ് നേതൃത്വത്തിൽ 31 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.  അതിൽ ഒമ്പതുപേർ സി.പി.എമ്മുകാർ. ഹാദിയ കേസിൽ ഹൈക്കോടതിക്കു മുമ്പിലെ പ്രതിഷേധം. വാട്‌സാപ്പ് വഴി നടത്തിയ ഹർത്താൽ - ഇതിന്റെയെല്ലാം സംഘാടക ശക്തി പോപ്പുലർ ഫ്രണ്ടാണെന്ന് വെളിപ്പെടുന്നു.
ഹൈദരാബാദ് സർവ്വകലാശാലയിൽ ആർ.എസ്.എസ് ഭീകരതയുടെ ചക്രവ്യൂഹത്തിൽ കുരുങ്ങി ജീവനൊടുക്കിയ  രോഹിത് വെമുലയെപ്പോലെ ഒരു ശാസ്ത്രജ്ഞനാകാൻ മോഹിച്ച് രാത്രി സിനിമാ പോസ്റ്റർ ഒട്ടിച്ചും മറ്റു ജോലികൾ ചെയ്തും വരുമാനം കണ്ടെത്തി പകൽ വിദ്യാർത്ഥി നേതാവെന്ന നിലയിൽ തിരക്കേറിയ പൊതുപ്രവർത്തനവും ഒപ്പം പഠനവും നടത്തിയ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്നു അഭിമന്യു. ഇടുക്കിയിൽ കൊട്ടാക്കമ്പൂരിലെ അച്ഛനും അമ്മയ്ക്കും  സഹോദരിമാർക്കും അമ്മൂമ്മയ്ക്കുമൊപ്പം പഠന മുറിയും അടുക്കളയും കിടപ്പുമുറിയും ഒക്കെയായ ഒറ്റമുറി വീട്ടിൽനിന്നാണ് തന്റെ സ്വപ്‌നം സഫലമാക്കാൻ അഭിമന്യു എറണാകുളം നഗരത്തിലെത്തിയത്.  നിരവധി സാംസ്‌കാരിക - രാഷ്ട്രീയ പ്രതിഭകളെ സൃഷ്ടിച്ച കലാലയമെന്ന മഹാരാജാസിന്റെ പ്രസിദ്ധിയുടെ ഭാഗമാകാനല്ല. ലക്ഷങ്ങൾ പ്രവേശനത്തിന് കൈനീട്ടി കണ്ണടച്ചുവാങ്ങുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും തന്നേപ്പോലുള്ളവർക്ക് പ്രവേശമില്ലെന്ന തിരിച്ചറിവിലായിരുന്നു. പ്രിൻസിപ്പലിന്റെയും അധ്യാപികാധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമെല്ലാം വത്സലനും പ്രിയങ്കരനുമായി അഭിമന്യു. നാടൻ പാട്ടുകാരനും പ്രഭാഷണ ചതുരനുമായ അവൻ എസ്.എഫ്.ഐ നേതാവായി.   മേധാ പട്ക്കറെപ്പോലുള്ളവരെ കാമ്പസിൽ വരുത്തി, പരിസ്ഥിതി അടക്കമുള്ള സമൂഹത്തെ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച ആശയ സംവാദത്തിന് അരങ്ങൊരുക്കി. കാമ്പസ് ഫ്രണ്ടിന് ഇടംകൊടുക്കാത്ത ആശയ പ്രവർത്തന സാന്നിധ്യമായിരുന്നു അഭിമന്യു. 
നാൻ പെറ്റ മകനേ.. എന്ന് അവന്റെ അമ്മ മുഴക്കിയ അലമുറ കേരളമാകെ ഇപ്പോഴും മാറ്റൊലികൊള്ളുന്നു.    മഹാരാജാസ് പ്രിൻസിപ്പലും അധ്യാപികാധ്യാപകരും സഹപാഠികളും അവന്റെ ഓർമ്മയിൽ വിതുമ്പിയത്  ഇപ്പോഴും കേരളത്തിലെ മനുഷ്യ മനസ്സുകളെ ഈറനാക്കുന്നു. 
നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളിൽനിന്ന് തുടർന്നുണ്ടായ പ്രതികരണം അവരെ തന്നെ  തുറന്നുകാട്ടുന്നു. മുൻ മുഖ്യമന്ത്രിയും മഹാരാജാസ് കോളേജിന്റെ ഉത്തമ രാഷ്ട്രീയ ഉൽപന്നമെന്ന് വിശേഷിപ്പിക്കാവുന്ന എ.കെ ആന്റണി പറഞ്ഞതിങ്ങനെ: 'കേരളമൊട്ടാകെയുള്ള ആക്രമണങ്ങളിൽ എസ്.എഫ്.ഐ തന്നെയാണ് ഒന്നാം പ്രതി.  രണ്ടാമത് എ.ബി.വി.പിയും.  എസ്.എഫ്.ഐയ്ക്കും എ.ബി.വി.പിക്കും മേധാവിത്വമുള്ള കോളേജുകളിൽ മറ്റൊരു വിദ്യാർത്ഥി സംഘടനയേയും അവർ പ്രവർത്തിക്കാൻ സമ്മതിക്കാറില്ല.'
ആന്റണിയുടെ രാഷ്ട്രീയ തീസിസ് ഈ സന്ദർഭത്തിൽ എസ്.ഡി.പി.ഐ നേതൃത്വത്തിനുള്ള തീവ്രവാദ വർഗീയ സംഘടനയെ സഹായിക്കുന്നതാണ്. അഭിമന്യുവിനെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ ന്യായീകരിക്കുന്നതാണ്.
മഹാരാജാസ് സൃഷ്ടിച്ച മറ്റൊരു രാഷ്ട്രീയ  നേതാവാണ് കേരള ധനമന്ത്രി തോമസ് ഐസക്. അദ്ദേഹത്തിന്റെ നിരീക്ഷണം കൃത്യമാണ്: 'കാമ്പസ് തർക്കത്തിന്റെ പേരിൽ നടന്ന കൊലപാതകമല്ല ഇത്.   ഒറ്റ കുത്തിന് ചങ്കും കരളും തകർക്കാൻ പരിശീലനം സിദ്ധിച്ചവർ സംഘടിച്ച് കോളേജിലെത്തിയത് വ്യക്തമായ മുന്നൊരുക്കത്തിന്റെ സൂചനയാണ്.  എസ്.എഫ്.ഐയെ ഭയപ്പെടുത്താനും കാമ്പസുകളെ ഭീതിയിലാഴ്ത്താനും ആസൂത്രണം ചെയ്ത കൊലപാതകം.'  
അഭിമന്യുവിന്റെ കൊലപാതകത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചതല്ലാതെ മറുമരുന്ന് എ.കെ ആന്റണിയെപ്പോലൊരാൾ നിർദ്ദേശിച്ചു കണ്ടില്ല.  ഇങ്ങനെ മതിയോ? ആന്റണിയുടെ പിൻതലമുറക്കാരനായ തോമസ് ഐസക് പക്ഷേ തുടർന്നു പറയുന്നുണ്ട്:  എല്ലാത്തരം സാമൂഹ്യ വിനിമയങ്ങളിൽനിന്നും കൊടും ക്രിമിനലുകളായ ഈ ഭീകരസംഘത്തെ അകറ്റിനിർത്തണമെന്ന്. സൗഹാർദ്ദ മനോഭാവത്തോടെയുള്ള ഒരു പുഞ്ചിരിക്കു പോലും ഇവർ അർഹരല്ലെന്ന്.  എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ബഹിഷ്‌കരണമാണ് അഭിമന്യു എന്ന നിരപരാധിയുടെ രക്തസാക്ഷിത്വം കേരള സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്എന്ന്.   അഭിനന്ദനാർഹവും അടിയന്തരവുമായ ഈ നിർദ്ദേശം സംസ്ഥാന മന്ത്രിയും കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്കിന്റെ പാർട്ടി എങ്ങനെയാണ് പ്രയോഗത്തിൽ വരുത്തുന്നത് എന്ന് കാണുമ്പോൾ ഐസക്കിനോട് അനുകമ്പ തോന്നുന്നു. മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിനെതിരെയും മറ്റിടങ്ങളിൽ തങ്ങൾക്ക് അധികാരം നഷ്ടപ്പെടാതിരിക്കാനും    പല പഞ്ചായത്തുകളിലെയും എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് മുന്നണി ബന്ധമുണ്ടെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയത വളർത്തുമ്പോൾ തീവ്ര മതവർഗീയത എന്താണു വളർത്തുകയെന്ന് അറിയാത്തവരല്ല ഇടതുപക്ഷമെങ്കിലും.  
കാമ്പസ് കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോ അഭിമന്യുവിന്റെ കൊലപാതകവുമായി നടത്തിയ രണ്ട് നിരീക്ഷണങ്ങൾ എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്:  ഒന്ന്, മതതീവ്രവാദ സംഘടനകൾക്ക് കാമ്പസുകളിൽ കടന്നുകൂടാൻ കഴിഞ്ഞത് ഇടതുപക്ഷ സംഘടനകൾ ദുർബലമായതുകൊണ്ടാണ്. രണ്ട്, ഒരു വർഷമായി പഠനത്തിനു പുറമെ വീട്ടിലെത്തി ബ്രിട്ടോയെ എഴുത്തിൽ സഹായിച്ചുപോന്നിരുന്ന അഭിമന്യുവിനോട് ബ്രിട്ടോ പറയാറുണ്ടായിരുന്നു: ചക്രവ്യൂഹത്തിൽ കയറാൻ എളുപ്പമാണ്. പുറത്തിറങ്ങാൻ പഠിക്കണം. 
ഒരിക്കൽ കൂടി കരച്ചിലും കണ്ണീരും അടങ്ങും. അപ്പോഴും നമ്മുടെ കലാലയ കവാടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തികളായ വിദ്യാർത്ഥി സംഘടനകൾ ചക്രവ്യൂഹം തീർത്ത്  കാത്തുനിൽക്കും.  പുതിയ അഭിമന്യുമാരെ പ്രതീക്ഷിച്ച്.

 

Latest News