ജിദ്ദ - ഈ വർഷം മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകയാണ് തുർക്കി ബാലിക മറായ് ജിക്ജീൻ. തീർഥാടന യാത്രയിൽ പിഞ്ചുമകളെയും ഒപ്പം കൂട്ടാൻ മറായ് ജിക്ജീന്റെ മാതാപിതാക്കൾ താൽപര്യം കാണിക്കുകയായിരുന്നു. തുർക്കിയിലെ ഇസ്താംബൂൾ എയർപോർട്ടിൽനിന്നാണ് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ബാലികയും മാതാപിതാക്കളും പുണ്യഭൂമിയിലെത്തിയത്.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിൽ തന്നെ യാത്രാനടപടികളെല്ലാം പൂർത്തീകരിക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി. പദ്ധതി പ്രയോജനപ്പെടുത്തി ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലെത്തുന്ന തീർഥാടകർക്ക് എയർപോർട്ടുകളിൽ വിമാനമിറങ്ങിയാലുടൻ നേരെ ബസുകളിൽ കയറി മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളിലേക്ക് പോകാനാവും. ഹാജിമാരുടെ ലഗേജുകൾ ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ച് നൽകും.
ഈ വർഷം ഏഴു രാജ്യങ്ങളിലാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, മൊറോക്കൊ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ തീർഥാടകർക്കാണ് ഈ വർഷം പദ്ധതി പ്രയോജനം ലഭിക്കുന്നത്. ഹജ്, ഉംറ മന്ത്രാലയം, വിദേശ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം, ജവാസാത്ത് ഡയറക്ടറേറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്.