റിയാദ് - വിദേശങ്ങളില്‍ നിന്ന് ബസ് മാര്‍ഗം സൗദിയില്‍ പ്രവേശിച്ച് പുണ്യഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന നൂറു കണക്കിന് ഹജ് തീര്‍ഥാടകരെ വര്‍ഷങ്ങളായി മുടങ്ങാതെ സല്‍ക്കരിക്കുകയാണ് റിയാദ് പ്രവിശ്യയില്‍ പെട്ട മജ്മ നിവാസിയായ സൗദി പൗരന്‍ ഫഹദ് അല്‍ഹാംലി. മജ്മയിലെ തന്റെ ഫാമില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് സൗദി കാപ്പിയും ചായയും ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത ഇനം പഴങ്ങളും ഒരുക്കി ഫഹദ് അല്‍ഹാംലി ഹാജിമാരെ സല്‍ക്കരിക്കുന്നത്.
ആയിരക്കണക്കിന് കിലോമീറ്റര്‍ നീളുന്ന ദീര്‍ഘ യാത്രയില്‍ ഫഹദ് അല്‍ഹാംലിയുടെ വിരുന്ന് തീര്‍ഥാടകര്‍ക്ക് അനുഗ്രഹവും ആശ്വാസവുമാവുകയാണ്. ഭക്ഷണം കഴിച്ചും വിശ്രമിച്ചും നിറഞ്ഞ വയറും മനസ്സുമായി പ്രാര്‍ഥനകളോടെ തീര്‍ഥാടകര്‍ പുണ്യഭൂമി ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. ഈ പ്രവൃത്തിയിലും ഔദാര്യത്തിലും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ താന്‍ അനുകരിക്കുകയും പിന്തുടരുകയും ചെയ്യുന്നതായി റഷ്യയില്‍ നിന്നുള്ള ഹാജിമാരെ തന്റെ ക്യാമ്പില്‍ സ്വീകരിച്ചു കൊണ്ട് ഫഹദ് അല്‍ഹാംലി പറഞ്ഞു.