Sorry, you need to enable JavaScript to visit this website.

തിരുത്തിന് ഒരു തിരുത്ത് 

പാഠപുസ്തകങ്ങൾ പൊളിച്ചെഴുതുന്ന സംഘ് പരിവാർ ശ്രമങ്ങൾക്ക് തിരിച്ചടി നൽകി, ഞങ്ങൾ നിങ്ങളോടൊപ്പമില്ലെന്ന സന്ദേശം നൽകിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖരായ 33 അക്കാദമിക് വിദഗ്ധർ. ചരിത്രത്തെ വികലവും വികൃതവുമാക്കുന്ന ആപൽക്കരമായ നീക്കത്തോട് അവർ വിമുഖത പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുകയും തങ്ങളുടെ തെറ്റുകൾ ചരിത്രത്തിൽനിന്ന് മറച്ചുപിടിക്കുകയും ചെയ്യുകയാണ് സംഘ് പരിവാറിന്റെ ലക്ഷ്യം. 


പാഠപുസ്തകങ്ങളിൽ ചരിത്രത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ ആർ.എസ്.എസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാലിപ്പോൾ അതിന് മൂർത്തരൂപം കൈവന്നിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഹിതകരമല്ലാത്ത ചരിത്ര സംഭവങ്ങളെ സ്‌കൂൾ സിലബസിൽനിന്ന് നീക്കാനുള്ള എൻ.സി.ഇ.ആർ.ടി നീക്കത്തിന് പിന്നിൽ സംഘ് പരിവാർ അജണ്ടയാണെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞർ ഇതിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നിരിക്കുകയാണ്. 

നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻ.സി.ഇ.ആർ.ടി) പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളുടെ ഉള്ളടക്കം നിർണയിക്കുന്നതിൽനിന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞരായ യോഗേന്ദ്ര യാദവും സുഹാസ് പാൽഷിക്കറും വേർപിരിഞ്ഞ് ഒരാഴ്ചക്കുള്ളിൽ പാഠപുസ്തക വികസന സമിതിയുടെ (ടി.ഡി.സി) ഭാഗമായ 33 അക്കാദമിക് വിദഗ്ധർ കൂടി പുസ്തകങ്ങളിൽനിന്ന് അവരുടെ പേരുകൾ നീക്കം ചെയ്യാൻ അഭ്യർഥിച്ചിരിക്കുകയാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എൻ.സി.ഇ.ആർ.ടി നടപടിയെന്ന് അവർ തിരിച്ചറിയുന്നു.

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ആർ.എസ്.എസ് നിരോധനത്തിലേക്ക് നയിച്ച ഗാന്ധി വധത്തെക്കുറിച്ചുള്ള പരാമർശങ്ങളും ചരിത്ര പാഠപുസ്തകങ്ങളിൽനിന്നു ഒഴിവാക്കപ്പെട്ടത് സംഘപരിവാറിന്റെ താൽപര്യപ്രകാരമാണെന്നതിൽ  സംശയമൊന്നുമില്ല. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മൂന്നു വട്ടമാണ് പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയത്. സിലബസുകളെ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റങ്ങൾ മുഴുവനുമെന്ന് വിദ്യാഭ്യാസ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പലവട്ടം ചൂണ്ടിക്കാട്ടുകയുണ്ടായി.

മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഇതുപോലെ നീക്കി. ന്യൂനപക്ഷ അപരവൽക്കരണമടങ്ങിയ ഉള്ളടക്കം സിലബസുകളിൽ കുത്തിനിറക്കുകയാണ് ഇതിന്റെയെല്ലാം ലക്ഷ്യമെന്ന് വ്യക്തം. ഇത്തരത്തിൽ ചരിത്രത്തെ വർഗീയ വൽക്കരിച്ച് തങ്ങളുടെ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ തങ്ങളുടെ ചെലവിൽ വേണ്ടെന്നാണ് പ്രമുഖരായ ഈ അക്കാദമിക്, രാഷ്ട്രീയ വിദഗ്ധർ പറയുന്നത്. 

എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനിക്ക് അയച്ച കത്തിൽ  നിലവിൽ സ്‌കൂളുകളിൽ ഉപയോഗിക്കുന്ന പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങൾ തയാറാക്കിയപ്പോൾ പാഠപുസ്തക വികസന സമിതിയിൽ അംഗങ്ങളായിരുന്ന 33 അക്കാദമിക് വിദഗ്ധരാണ് പാഠപുസ്തകങ്ങൾ 'യുക്തിസഹമാക്കാനുള്ള' സംഘ്പരിവാർ നീക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സൃഷ്ടിപരമായ കൂട്ടായ പരിശ്രമം ഈ നീക്കം അപകടത്തിലാക്കിയെന്ന് അവർ ആരോപിക്കുന്നു. മൗലിക ഗ്രന്ഥങ്ങളുടെ കാര്യമായ പുനരവലോകനങ്ങൾ ഉള്ളതിനാൽ ഇവ തങ്ങൾ നിർമിച്ച പുസ്തകങ്ങളാണെന്ന് അവകാശപ്പെടാനും അവയുമായി ഞങ്ങളുടെ പേരുകൾ ബന്ധപ്പെടുത്താനും ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച എഴുതിയ കത്തിൽ പറയുന്നു.

33 അക്കാദമിഷ്യൻമാരിൽ  മുൻ ജെ.എൻ.യു പ്രൊഫസറും സിംഗപ്പൂർ സർവകലാശാലയിലെ വൈസ് ഡീനുമായ കാന്തി പ്രസാദ് ബാജ്പേയ് ഉൾപ്പെടുന്നു. പ്രതാപ് ഭാനു മേത്ത, അശോക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. രാജീവ് ഭാർഗവ, സി.എസ്.ഡി.എസ് മുൻ ഡയറക്ടർ ഡോ. നീരജ ഗോപാൽ ജയൽ, മുൻ ജെ.എൻ.യു പ്രൊഫസർ നിവേദിത മേനോൻ, ജെ.എൻ.യുവിലെ പ്രൊഫ. വിപുൽ മുദ്ഗൽ, ഹൈദരാബാദ് സർവകലാശാലയിലെ മുൻ പ്രൊഫസറായ കെ.സി. സൂരി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ പീറ്റർ റൊണാൾഡ് ഡിസൂസ തുടങ്ങിയവരെല്ലാം ഈ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

യോഗേന്ദ്ര യാദവും പൽഷിക്കറും എൻ.സി.ഇ.ആർ.ടിക്ക് ആദ്യ സന്ദേശമയച്ച് ഒരാഴ്ചക്കുള്ളിലാണ് അവരുടെ കത്ത്, അതിൽ പാഠപുസ്തകങ്ങളിലെ തിരുത്തൽ പ്രക്രിയ 'വികൃതവും അക്കാദമികമായി പ്രവർത്തനരഹിതവുമായ 'അവസ്ഥയാണ് സംജാതമാക്കിയതെന്ന് അവർ ആരോപിക്കുന്നു.  ഇതിനോട് പ്രതികരിച്ചുകൊണ്ട്, എൻ.സി.ഇ.ആർ.ടി ജൂൺ 9 ന് ഒരു പൊതു പ്രസ്താവന പുറത്തിറക്കി - യാദവും പാൽഷിക്കറും അംഗങ്ങളായ പാഠപുസ്തക വികസന സമിതികൾ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതോടെ ഇല്ലാതായി. വിദ്യാഭ്യാസ സാമഗ്രികളുടെ പകർപ്പവകാശം പിന്നീട് കമ്മിറ്റിയിൽനിന്ന് സ്വതന്ത്രമായി എൻ.സി.ഇ.ആർ.ടിയിൽ തുടരുന്നതായാണ് അവർ വ്യക്തമാക്കിയത്.

കോവിഡ്19 മഹാമാരി മൂലമുണ്ടായ പഠന തടസ്സങ്ങളിൽ നിന്ന് കരകയറാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പാഠ്യപദ്ധതി കുറയ്ക്കുക എന്ന വ്യാജേന നിരവധി അധ്യായങ്ങളും ഖണ്ഡികകളുമാണ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങളും ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും മേലുള്ള അടിയന്തരാവസ്ഥയുടെ ക്രൂരമായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്ന ഭാഗങ്ങളും പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അധ്യായങ്ങളും കൗൺസിൽ നീക്കം ചെയ്തു. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽനിന്ന് നർമ്മദ ബച്ചാവോ ആന്ദോളൻ, ദളിത് പാന്തേഴ്‌സ്, ഭാരതീയ കിസാൻ യൂനിയൻ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളടക്കം അപ്രത്യക്ഷമായി.

വിവിധ വീക്ഷണങ്ങളിൽ നിന്നും പ്രത്യയശാസ്ത്ര പശ്ചാത്തലങ്ങളിൽനിന്നുമുള്ള രാഷ്ട്രീയ ശാസ്ത്രജ്ഞരുടെ വിപുലമായ ആലോചനകളുടെയും സഹകരണത്തിന്റെയും ഫലമാണ് പാഠപുസ്തകങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ഭരണഘടനാ ചട്ടക്കൂട്, ജനാധിപത്യത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് നൽകാൻ ഉദ്ദേശിച്ചുള്ള ഈ പാഠങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങളും ആഗോള സംഭവവികാസങ്ങളും രാഷ്ട്രീയ ശാസ്ത്രത്തിന്റെ സൈദ്ധാന്തിക തത്വങ്ങളും സമന്വയിപ്പിക്കുകയും ചെയ്യുന്നു. 

ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന വിഭജന രാഷ്ട്രീയത്തെ എക്കാലത്തും തിരസ്‌കരിക്കുകയാണ് നമ്മുടെ നാട് ചെയ്തിട്ടുള്ളത്. ചരിത്ര പാഠപുസ്തകങ്ങളോടുള്ള ഹിന്ദുത്വ സമീപനം പാഠപുസ്തകങ്ങളുടെ അപനിർമിതിയിലെത്തുന്നതിൽ അദ്ഭുതമില്ല. 2022 നവംബർ 24 ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത് ചരിത്ര രചനയിൽ കടന്നുകൂടിയ 'തെറ്റുകൾ' തിരുത്തിയേ നമുക്ക് മുന്നോട്ടു പോകാനാകൂ എന്നാണ്. ഇന്ത്യൻ ചരിത്ര രചനയിലെ പാശ്ചാത്യവൽക്കരണത്തിനു പകരമായി 'ഭാരതീയവൽക്കരണ'മാണത്രേ ലക്ഷ്യം. 

2023 ഏപ്രിൽ ആദ്യമാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ച് വിശദമായി പുറംലോകം അറിയുന്നത്. ഏപ്രിൽ നാലിന്  ബി.ജെ.പി നേതാവായ കപിൽ മിശ്ര പറഞ്ഞത് ഇങ്ങനെയാണ്- എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്നു മുഗളന്മാരുടെ ചരിത്രം നീക്കം ചെയ്യുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ നടപടിയാണ്. മുഗളന്മാർ കള്ളന്മാരും പിടിച്ചുപറിക്കാരുമാണ്. ബാബർ, അക്ബർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരുടെ സ്ഥാനം ചരിത്രപുസ്തകങ്ങളിലല്ല. പകരം കാലത്തിന്റെ ചവറ്റുകുട്ടയിലാണ്'.

ഈ നിലപാടാണ് എൻ.സി.ഇ.ആർ.ടി നടപ്പാക്കുന്നത്. ഇതിനോടാണ് ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ അക്കാദമിഷ്യൻമാർ വിയോജിക്കുന്നത്. ചരിത്രത്തെ പുതിയ തലമുറയുടെ ഓർമകളിൽനിന്ന് തുടച്ചു നീക്കുകയാണ് ലക്ഷ്യം. എന്നാൽ പ്രതിരോധിക്കാൻ ആരുമില്ലാതെ, അനായാസമായി അത് നടപ്പാക്കപ്പെടുമെന്ന ചിന്തയാണ് അബദ്ധം. പാഠപുസ്തകങ്ങളിൽനിന്ന് പുറത്തേക്ക് പായിക്കപ്പെടുന്ന ചരിത്രം നൂറു പുസ്തകങ്ങളിലായി, തലമുറയുടെ മനസ്സുകളിലേക്ക് എത്തിച്ചേരുമെന്നതിൽ എന്താണ് സംശയം.

Latest News