കോഴിക്കോട്-കോഴി വില കുത്തനെ ഉയരുകയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കകം കിലോയ്ക്ക് 230 രൂപയിലെത്തി. പെരുന്നാള്‍ സീസണില്‍ ഇത് മുന്നൂറിലെത്തിയാലും അതിശയമില്ലെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ സംവിധാനമൊന്നും ഇടപെടാനില്ലാത്തതിനാല്‍ ആര്‍ക്കും വിലകള്‍ ഇഷ്ടം പോലെ കൂട്ടാം. മൃഗസംരക്ഷണ മന്ത്രിയാണെങ്കില്‍ എട്ട് രൂപ വിലക്കുറവുമായെത്തിയ കര്‍ണാടകയുടെ നന്ദിനി പാലിനെ തുരത്താനുള്ള തിരക്കിലും. റെക്കോഡ് വിലയിലേയ്ക്ക് കോഴി പറന്നതോടെ സാധാരണക്കാരുടെ അടുക്കളകളില്‍ നിന്ന് ചിക്കന്‍ വിഭവങ്ങളും അപ്രത്യക്ഷമായി. വില ഇനിയും ഉയരാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ വില്‍പ്പന വീണ്ടും ഇടിയുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. വില വര്‍ദ്ധിച്ചതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കേറ്ററിങ്ങുകാരാവട്ടെ ചിക്കന്‍ ഒഴിവാക്കിയുള്ള വിഭവങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ചിക്കന്‍ വിഭവങ്ങളുടെ എണ്ണവും അളവും കുറച്ചു നേരിടാന്‍ തട്ടുകടകളും ബേക്കറികളും ഹോട്ടലുകളും. പെട്ടെന്നു വില വ്യതിയാനം വരുന്നതായതിനാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വിലകൂട്ടിയാല്‍ പാകം ചെയ്തത് പോലും ചിലവാകാതെ വരും. ഈ സാഹചര്യത്തില്‍ ബിരിയാണി പോലുള്ള ചുരുക്കം ചില ഇനങ്ങളിലേയ്ക്ക് ഒതുക്കി. തട്ടുകളില്‍, നല്‍കുന്ന പീസുകളുടെ എണ്ണവും വലിപ്പമോ കുറച്ചു. ബേക്കറി വിഭവങ്ങളിലും സമാന ഞെരുക്കമുണ്ടായിട്ടുണ്ട്. പല ബേക്കറികളില്‍ നിന്നും ചിക്കന്‍ കട്ട്ലെറ്റ്, പഫ്സ്, സമൂസ എന്നിവ അപ്രത്യക്ഷമായി.