അബുദാബി-യു.എ.ഇയില്‍ നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടി. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ തീരുമാനത്തിലൂടെ ജീവനക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും.
തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമില്‍ വരിക്കാരാകാത്തവര്‍ക്ക് ജൂലൈ ഒന്നിന് പകരം ഒക്ടോബര്‍ ഒന്നു മുതലായിരിക്കും 400 ദിര്‍ഹം പിഴ. പ്രീമിയം അടക്കാതിരുന്നാല്‍ 200 ദിര്‍ഹമും പിഴ നല്‍കേണ്ടിവരും.
ഇതുവരെ 46 ലക്ഷത്തിലധികം പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വെളിപ്പെടുത്തി. പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ പുതിയ സമയപരിധിക്ക് മുമ്പ് സ്വയം രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
സ്വകാര്യ മേഖലയിലും ഫെഡറല്‍ ഗവണ്‍മെന്റിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി 2023 ജനുവരി ഒന്നിനാണ് നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ പരിമിതകാലത്തേക്ക് വരുമാന സംരക്ഷണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം തൊഴിലില്ലാത്തവര്‍ക്ക് സാമൂഹിക സംരക്ഷണം ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുനനു.
നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള താമസക്കാര്‍, പെന്‍ഷന്‍കാര്‍, പുതുതായി ജോലി ലഭിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.