ജിദ്ദ - സൗദിയ ജീവനക്കാരനെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയയില്‍ സ്റ്റ്യുവാര്‍ഡ് ആയിരുന്ന ബന്ദര്‍ അല്‍ഖര്‍ഹദിയെ കാറിനകത്തിട്ട് ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സൗദി യുവാവ് ബറകാത്ത് ബിന്‍ ജിബ്‌രീല്‍ ബിന്‍ ബറകാത്ത് അല്‍കനാനിക്കാണ് ശിക്ഷ നടപ്പാക്കിയത്. ബന്ദര്‍ അല്‍ഖര്‍ഹദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തിനശിച്ചിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ഖര്‍ഹദി പ്രതിയോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.