ചോദ്യം: എന്റെ ഇഖാമയിലെ ഫോട്ടോ പഴയതാണ്. അതു മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. അതു സാധ്യമാണോ? ആണെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും. അതിന് സ്പോൺസർ ജവാസാത്ത് ഓഫീസിൽനിന്ന് അപ്പോയിന്റ്മെന്റ് മുൻകൂട്ടി വാങ്ങുകയും എന്റെ തൊഴിലാളിയുടെ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ആവശ്യപ്പെടുകയുമാണ് വേണ്ടത്. ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് പാസ്പോർട്ടിലെ ഫോട്ടോ പുതിയതും പാസ്പോർട്ടിന് കാലാവധിയും ഉണ്ടായിരിക്കണം. പാസ്പോർട്ടിലെ ഫോട്ടോ പഴയതാണെങ്കിൽ പുതിയ ഫോട്ടോയുമായി സാമ്യമുണ്ടാവണമെന്നില്ല. അതിനാൽ പുതിയ ഫോട്ടോ ഉള്ള പാസ്പോർട്ടുമായായിരിക്കണം ജവാസാത്തിനെ സമീപിക്കാൻ.
വിസിറ്റ് വിസക്കാർക്ക് ഹജ് സാധ്യമോ?
ചോദ്യം: എന്റെ ഭാര്യയും രണ്ടു മക്കളും മൾട്ടി എൻട്രി വിസിറ്റ് വിസയിലാണ്. അവരെ ഹജിന് എന്റെ കൂടെ കൂട്ടാൻ കഴിയുമോ?
ഉത്തരം: ഹജ് ഉംറ മന്ത്രാലയത്തിന്റെ നിയമ പ്രകാരം വിസിറ്റിംഗ്, ഉംറ വിസയിൽ വന്നിട്ടുള്ളവർക്ക് ഹജിന് അനുമതി ലഭിക്കില്ല. ഹജ് അനുമതി ഇഖാമയിൽ ഉള്ളവർക്കും അതല്ലെങ്കിൽ ഹജ് വിസയിൽ വരുന്നവർക്കും മാത്രമാണ് ലഭിക്കുക.
വിസിറ്റിംഗ് വിസയിലെത്തിയവർ മരണമടഞ്ഞാൽ
ചോദ്യം: എന്റെ പിതാവ് വിസിറ്റിംഗ് വിസയിലായിരുന്നു. സൗദിയിലെത്തി 25 ദിവസത്തിനു ശേഷം മരണമടയുകയും ഇവിടെ ഖബറടക്കുകയും ചെയ്തു. തുടർന്ന് ഡത്ത് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ എനിക്ക് പിതാവിന്റെ വിസ പുതുക്കിയതായി ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഇതെന്തുകൊണ്ടാണ്, ഇനി എന്താണു ചെയ്യേണ്ടത്?
ഉത്തരം: അപോയിന്റ്മെന്റ് വാങ്ങി ജവാസാത്ത് ഓഫീസിൽ പോയി വിസിറ്റ് വിസകാര്യ ഉദ്യോഗസ്ഥനെ കാണണം. അദ്ദേഹത്തെ പിതാവിന്റെ ഡത്ത് സർട്ടിഫിക്കറ്റ് കാണിച്ചശേഷം അബ്ശിറിൽനിന്ന് വിസ സ്റ്റാറ്റസ് റദ്ദാക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടത്.
ഗാർഹിക തൊഴിലാളികളുടെ ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കാൻ കഴിയുമോ?
ചോദ്യം: ഞാൻ ഹൗസ് ഡ്രൈവർ വിസയിലാണുള്ളത്. നാലു മാസത്തിനു ശേഷം ഫൈനൽ എക്സിറ്റിൽ പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ ഇഖാമയുടെ കാലാവധി മുപ്പത് ദിവസത്തിനകം അവസാനിക്കും. എനിക്കു മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാൻ കഴിയുമോ?
ഉത്തരം: ഗാർഹിക വിസയിലുള്ളവരുടെ ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാൻ കഴിയില്ല. അവരുടെ ഇഖാമ ഒരു വർഷത്തേക്കാണ് പുതുക്കുക. വാണിജ്യാവശ്യാർഥമുള്ള തൊഴിലാളികളുടെ വിസ മാത്രമേ മൂന്നു മാസത്തേക്കു പുതുക്കാൻ സാധിക്കൂ. ഇഖാമയുടെ കാലാവധി കഴിഞ്ഞു മൂന്നു മാസത്തേക്കു കൂടി നിൽക്കണമെങ്കിൽ നിങ്ങളുടെ ഇഖാമ ഒരു വർഷത്തേക്ക് പുതുക്കണം. അതല്ലെങ്കിൽ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുൻപായി ഫൈനൽ എക്സിറ്റ് അടിക്കുക. അതിനു ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാൻ കഴിയും.