റിയാദ്- തന്റെ താമസരേഖയില്‍ അജ്ഞാതര്‍ സിം കാര്‍ഡെടുക്കുകയും അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതിന് തമിഴ്‌നാട് സ്വദേശിക്ക് അനുഭവിക്കേണ്ടിവന്നത് മൂന്നുമാസം ജയില്‍ ശിക്ഷ. റിയാദില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് സഫവാന്‍ ആണ് ഫൈനല്‍ എക്‌സിറ്റ് അടിക്കാനിരിക്കെ സിം കാര്‍ഡിന്റെ പേരില്‍ നിയമക്കുരുക്കിലകപ്പെട്ട് പോലീസ് സ്‌റ്റേഷനിലും ജയിലിലുമായി മൂന്നു മാസത്തോളം ദുരിതത്തിലായത്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ പോലീസിലും ജയിലിലും നിരന്തരം ഇടപെട് നിരപരാധിത്വം തെളിയിച്ച് ഇദ്ദേഹത്തെ ജയില്‍മോചിതനാക്കി.
ജോലി നിര്‍ത്തി നാട്ടിലേക്ക് പോകാന്‍ ഫൈനല്‍ എക്‌സിറ്റ് ഇഷ്യു ചെയ്യുമ്പോഴാണ് സൗദി ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ തടഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് കാര്യമെന്തെന്ന് അറിയാന്‍ പോലീസ് സ്റ്റേഷനിലെത്തി. അദ്ദേഹത്തിന്റെ പേരില്‍ കേസുള്ളതിനാല്‍ അന്വേഷണവിധേയമായി പോലീസ് കസ്റ്റഡിയിലെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മാറ്റി. കേസിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാളുടെ എകൗണ്ടില്‍ നിന്ന് 2100 റിയാല്‍ എടുത്തിട്ടുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കേസിലുള്ള സിം ഇദ്ദേഹത്തിന്റെ ഇഖാമ നമ്പറിലാണെങ്കിലും ഇദ്ദേഹം ആ സിം ഇതുവരെ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അറബി ഭാഷ പരിജ്ഞാനമില്ലാത്തതിനാല്‍ പോലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുമില്ല. മാസങ്ങള്‍ക്ക് മുമ്പ് റിയാദ് ബത്ഹയിലെ മൊബൈല്‍ കടയില്‍ നിന്ന് ഇദ്ദേഹം സിം കാര്‍ഡ് വാങ്ങിയിരുന്നു. മുന്നു തവണ വിരലടയാളം വെപ്പിച്ചിരുന്നു. അന്ന് ഒരു സിം ലഭിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് സിം കാര്‍ഡുകളുണ്ടായിരുന്നു.
ജയിലില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ജാമ്യത്തിലെടുക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാകാത്തതിനാല്‍ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചു. മൂന്നു മാസത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും സ്റ്റേഷനിലെത്തിച്ചെങ്കിലും സ്‌പോണ്‍സര്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായില്ല. അതേ സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള മറ്റൊരു മലയാളി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു. എംബസി അനുമതി പത്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും സ്‌പോണ്‍സര്‍ സ്റ്റേഷനിലെത്താന്‍ വൈകി. ശേഷം പോലീസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കുകയായിരുന്നു.
പബ്ലിക് പ്രോസിക്യൂഷനില്‍ യാത്രാ വിലക്കുള്ളതിനാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ മറ്റൊരു പോലീസ് സ്‌റ്റേഷനിലേക്ക് ഫയല്‍ അയച്ചതായി അറിയാന്‍ കഴിഞ്ഞു. അദ്ദേഹവുമായി സിദ്ദീഖ് ആ പോലീസ് സ്റ്റേഷനിലെത്തി. സാമ്പത്തിക തട്ടിപ്പായതിനാല്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നായി പോലീസ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് അറസ്റ്റ് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും അവര്‍ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഫയല്‍ പരിശോധിച്ചപ്പോള്‍ പഴയ കേസ് തന്നെയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷനിലേക്ക് ഉദ്യോഗസ്ഥര്‍ വിവരം കൈമാറി. കേസിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.
ഔദ്യോഗിക ഏജന്‍സികളില്‍ നിന്നല്ലാതെ മൊബൈല്‍ സിം കാര്‍ഡുകള്‍ വാങ്ങരുതെന്നും കമ്യൂണിക്കേഷന്‍ ആന്റ് സ്‌പേസ് ടെക്‌നോളജി കമ്മീഷന്‍ വെബ്‌സൈറ്റ് വഴി ഇഖാമയില്‍ എത്ര സിം കാര്‍ഡുണ്ടെന്ന് പരിശോധിച്ച് തങ്ങളുടെതല്ലാത്ത സിം കാര്‍ഡ് കാന്‍സല്‍ ചെയ്യണമെന്നും സിദ്ദീഖ് തുവ്വൂര്‍ ഓര്‍മ്മപ്പെടുത്തി.