Sorry, you need to enable JavaScript to visit this website.

ഹജിന് പോകുന്ന പ്രവാസി വ്യവസായിക്ക് യാത്രാമംഗളം നേർന്ന് ക്ഷേത്ര കമ്മറ്റി

സൈനുൽ ആബീദിനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്ന്  മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര മുറ്റത്ത് ഉയർത്തിയ  ഫ്ളെക്‌സ് ബോർഡ്

തലശ്ശേരി-  പരിശുദ്ധ ഹജ് കർമ്മത്തിന് പോകുന്ന ഗൾഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായി സൈനുൽ ആബിദ്ദീന് ആശംസ അർപ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റി. ദ കേരള സ്റ്റോറിയിലൂടെ മതഭ്രാന്തിന്റെ  വൻ മതിലുയർത്തുന്നവർക്കുള്ള മുന്നിറിയിപ്പ് കൂടിയായി ക്ഷേത്ര മുറ്റത്തെ മത സാഹോദര്യത്തിന്റെ ഈ ഫ്‌ളക്‌സ് ബോർഡ്. ജാതി-മത ചിന്തക്കൾക്ക് അപ്പുറം മനുഷ്യ സ്‌നേഹത്തിന്റെ വിലയെന്തെന്ന്  കാട്ടിക്കൊടുക്കുന്ന ഈ  ആശംസ ബാനർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
മുത്തപ്പൻ മടപ്പുര ക്ഷേത്രമുറ്റത്ത് തന്നെയാണ്  സൈനുൽ ആബിദീനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ നേർന്നു കൊണ്ടുള്ള ബാനർ ഉയർത്തിയിരിക്കുന്നത്. എല്ലാം വർഗീയതയുടെ കണ്ണിലൂടെ കാണുന്ന വർത്തമാന കാലത്ത് സ്‌നേഹത്തിന്റെയും, മാനവികിത യുടെയും സന്ദേശമാവുകയാണ് ഈ ക്ഷേത്ര കമ്മിറ്റി.

ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നവ മാധ്യമങ്ങളിൽ കമന്റ് നിറയുകയാണ്. ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുന്ന  സഫാരി ഗ്രൂഫ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണ് സൈനുൽ ആബിദീൻ. ജീവകാരുണ്യ പ്രവർത്തകൻകൂടിയായ ഇദ്ദേഹം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണമുൾപ്പെടെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ വലിയ സംഭാവനകൾ നൽകാറുണ്ട്. പെരിങ്ങത്തൂർ  എൻ.എ എം കോളേജ് മാനേജ് മെൻറ് കമ്മിറ്റി വൈസ് ചെയർമാൻ, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാൻ, തലശ്ശേരി സി.എച്ച് സെന്റർ പ്രസിഡണ്ട് , തുടങ്ങിയ സ്ഥാനങ്ങൾ കൂടി വഹിക്കുന്ന സൈനുൽ ആബിദീൻ ഈ മാസം 18നാണ് കുടുംബത്തോടൊപ്പം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നത്.

Latest News