എറണാകുളം- മിനി കൂപ്പർ വാങ്ങിയതിനെ തുടർന്ന് വിവാദത്തിൽപെട്ട സി.ഐ.ടി.യു നേതാവ് പി.കെ അനിൽകുമാറിനെതിരെ പാർട്ടി നടപടി. കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ഭാരവാഹിത്വത്തിൽനിന്ന് അനിൽകുമാറിനെ നീക്കി. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അരക്കോടിയോളം വിലയുള്ള മിനി കൂപ്പർ വാങ്ങിയത് വൻ വിവാദമായിരുന്നു. സി.ഐ.ടി.യു കേന്ദ്രങ്ങളിലും ഇത് സംബന്ധിച്ച് വൻ ചർച്ചകളുണ്ടായി. ഇതോടെ ഭാര്യയുടെ പേരിലാണ് കാർ വാങ്ങിയത് എന്ന വിശദീകരണവുമായി അനിൽകുമാർ രംഗത്തെത്തി. എന്നാൽ ഈ വിശദീകരണം പാർട്ടി മുഖവിലക്ക് എടുത്തില്ല. മിനി കൂപ്പർ വാങ്ങിയത് തെറ്റായ പ്രവണതയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർന്നാണ് സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള മുഴുവൻ ചുമതലകളിൽനിന്നും അനിൽകുമാറിനെ മാറ്റിയത്.