കല്‍പറ്റ-ധനകോടി ചിറ്റ്സ്, നിധി തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും സ്ഥാപനങ്ങളുടെ മുന്‍ എം.ഡിയുമായ എം.എം.യോഹന്നാന്‍ അറസ്റ്റിലായെങ്കിലും ആശങ്ക ഒഴിയാതെ ഇടപാടുകാര്‍. ചിട്ടിയില്‍ അടച്ച പണവും നിക്ഷേപവും എങ്ങനെ തിരിച്ചുപിടിക്കുമെന്ന വ്യാകുതലയിലാണ് അവര്‍. കാലാവധി കഴിഞ്ഞ ചിട്ടി, നിക്ഷേപം ഇനങ്ങളില്‍ സ്ഥാപനങ്ങള്‍ കോടിക്കണക്കിനു രൂപയാണ് നല്‍കാനുള്ളത്.
ധനകോടി ചിറ്റ്സിന്റെയും നിധിയുടെയും സുല്‍ത്താന്‍ബത്തേരിയിലെ പ്രധാന ഓഫീസും വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്ള 22 ശാഖ ഓഫീസുകളും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പണത്തിന്റെ കാര്യത്തില്‍ ചിറ്റാളന്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഉറപ്പുനല്‍കാനും സ്ഥാപന നടത്തിപ്പുകാര്‍ തയാറാകുന്നില്ല.
രജിസ്റ്റര്‍ ചെയ്ത് 2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ധനകോടി ചിറ്റ്സ്. ഇതിന്റെ സഹോദരസ്ഥാപനമായി 2018 ജനുവരിയില്‍ ആരംഭിച്ചതാണ് ധനകോടി നിധി. ഇവയുടെ ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലുമായി 140 ഓളം ജീവനക്കാരുണ്ട്. ഇവരും ധര്‍മസങ്കടത്തിലാണ്. ജീവനക്കാരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് പലരും ചിട്ടികളില്‍ ചേര്‍ന്നതും നിക്ഷേപങ്ങള്‍ നടത്തിയതും. ജീവനക്കാര്‍ക്കു മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. രണ്ട് സ്ഥാപനങ്ങളുടെയും മുഖ്യകാര്യാലയങ്ങളിലും ശാഖകളിലും ഇടപാടുകാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്ന ജീവനക്കാര്‍ ഭയത്തിലാണ്. ഇടപാടുകാര്‍ ശാരീരികമായിപോലും കൈകാര്യം ചെയ്യുമെന്ന ഭീതിയിലാണ് അവര്‍. ചിറ്റാളന്‍മാര്‍ക്കും നിക്ഷേപകര്‍ക്കും പുറമേ ജീവനക്കാരും സ്ഥാപന ഉടമകള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ധനകോടി ചിറ്റ്സ്, നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 45ല്‍പരം കേസുകളുണ്ട്. ബത്തേരി സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 20ല്‍ അധികം കേസുകളിലാണ് മുന്‍ എം.ഡിയെ പോലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന യോഹന്നാന്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് പിടിയിലായത്. കേസുകളില്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.ജെ.സെബാസ്റ്റ്യന്‍, ജോര്‍ജ് മുതിരക്കാലായില്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.