Sorry, you need to enable JavaScript to visit this website.

ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ മൊഴി നല്‍കി

കോട്ടയം - ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി അന്വേഷിക്കുന്ന പോലീസ് സംഘം കന്യാസ്ത്രീയുടെ ബന്ധുക്കളുടെ  മൊഴിയെടുത്തു. പീഡനം സംബന്ധിച്ച് കര്‍ദ്ദിനാളിന് കന്യാസ്ത്രീ  പരാതി നല്‍കിയത് ബന്ധുക്കള്‍ക്കൊപ്പമായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളുടെ മൊഴിയെടുത്തത്. കന്യാസ്ത്രീയുടെ സഹോദരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബിഷപ്പും ആരോപണമുന്നയിച്ചിരുന്നു. വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.
കന്യാസ്ത്രി പറഞ്ഞതനുസരിച്ചാണ് ഇക്കാര്യം തങ്ങള്‍ക്ക് അറിയാവുന്നതെന്ന്്്് ബന്ധുക്കള്‍ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ശിക്ഷിക്കപ്പെടുമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതീക്ഷയുണ്ട്. നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോവുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്്്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയില്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന വിവരം ആവര്‍ത്തിച്ചതായാണ് സൂചന.

2014 മുതല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ പോലിസ് ബിഷപ്പിനെതിരേ കേസെടുത്തിരുന്നത്.
അതേസമയം കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് നല്‍കിയ പരാതിയിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം കന്യാസ്ത്രീയുടെ ഫോണും പരിശോധനക്ക് വിധേയമാക്കും. ബിഷപ്പ് തനിക്കയച്ച ശബ്ദ സന്ദേശങ്ങളും സംഭാഷണങ്ങളും തന്റെ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഫോണ്‍ പരിശോധന.

 

 

 

Latest News