Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കുന്നു: സീതാറാം യെച്ചുരി

മലപ്പുറം- പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെയുള്ള പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഇ.ഡിയെയും സി.ബി.എയെയും ഉപയോഗിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മീഷനടക്കം എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും സര്‍ക്കാര്‍ വരുതിയിലാക്കുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്‌പോലും വില കൊടുക്കാതെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമാക്കാന്‍ ശ്രമിക്കുന്നു. അയോധ്യ കേസില്‍ വിധി നടപ്പാക്കപ്പെട്ടെന്ന് മാധ്യമങ്ങളെല്ലാം പറഞ്ഞപ്പോള്‍ നീതി നടപ്പാക്കപ്പെട്ടില്ലെന്ന് സി.പി.എം വിളിച്ചുപറഞ്ഞു. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ നടപ്പിലാക്കും വിധം ജുഡീഷ്യറിയില്‍ പോലും കടന്നുകയറ്റം നടത്തുന്നു. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനവും വെട്ടിച്ചുരുക്കി.
ഭരണഘടനയേയും ജനാധിപത്യത്തേയും മതനിരപേക്ഷതയേയും അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് നിരന്തരം ശ്രമിക്കുന്നു. രാജ്യത്തോട് വലിയ ചതി ചെയ്ത ഗോഡ്‌സെയേയും സവര്‍ക്കറെയും പോലെയുള്ളവരെ നായകന്മാരാക്കി വാഴ്ത്തുപാട്ടു പാടുന്നു. ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെ പോലെ യഥാര്‍ത്ഥ നായകരെ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു.വെറുപ്പിന്റെ വില്‍പ്പനക്കാരായി കേന്ദ്ര സര്‍ക്കാര്‍ മാറി- അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തവര്‍ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് കാവി സന്യാസിമാരെ വിളിച്ചുവരുത്തി. ഹിന്ദു രാജാവിന്റെ കിരീട ധാരണ ചടങ്ങ് പോലെയാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തിയത്. ഇതാണ് ഇന്ത്യയിലെ നിലവിലെ മതനിരപേക്ഷത. വെറുപ്പ് പ്രചരിപ്പിക്കുകയെന്ന ക്യാമ്പയിന്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഏറ്റെടുക്കുന്നു. മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫലപ്രദമായി തടയാന്‍ ജുഡീഷ്യറിക്ക്‌പോലും കഴിയുന്നില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
താങ്കളുടെ പേര് സീതാറാം എന്നായിട്ടും എന്തുകൊണ്ട് കടുത്ത ഹിന്ദു വിരോധം പ്രകടിപ്പിക്കുന്നെന്ന് ചോദിക്കുന്നവരുണ്ട്. മനുഷ്യത്വത്തെയും മാനവികതേയും കുറിച്ചാണ് സീതയും രാമനും പറയുന്നത്. സീതാറാം ആയ താന്‍ അക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. മതനിരപേക്ഷത ഉറപ്പാക്കാന്‍, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കണം. ഇതിനായി പ്രതിപക്ഷ സ്വരങ്ങളെ ചേര്‍ത്തുപിടിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹനന്‍ ദാസ് അധ്യഷത വഹിച്ചു

 

 

Latest News