തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷം. എസ്എഫ്‌ഐ വ്യാജവോട്ട് ചെയ്തെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതോടെയാണ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്. യു.യു.സിയെന്ന വ്യാജേന പ്ലസ്ടു വിദ്യാര്‍ഥിനി സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയെന്ന് കെ.എസ്.യു ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ.കെ. അന്‍ഷിദ്, അരീക്കോട് റീജണല്‍ കോളജ് കെ.എസ്.യു പ്രസിഡന്റ് എം.ടി ഫയാസ്, എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം കെ. മുഹമ്മദ് സനദ്, അരീക്കോട് ഏരിയ സെക്രട്ടറി കെ. മുഹമ്മദ് അനീസ്, കാമ്പസ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.പി ഐശ്വര്യ എന്നിവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്ലസ്ടു വിദ്യാര്‍ഥിനിയെ സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍ എന്ന വ്യാജേന വോട്ടുരേഖപ്പെടുത്താന്‍ എത്തിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തോല്‍വി ഭയന്നാണ് വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തിയതെന്നും എസ്.എഫ്.ഐ നേതൃത്വം പ്രതികരിച്ചു. അതേസമയം കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെ.എസ്.യു ആരോപണം.