Sorry, you need to enable JavaScript to visit this website.

വിപുലമായ പരിപാടികളുമായി ഖമീസ് ടൗണ്‍ കെ.എം.സി.സി

ഖമീസ് മുശൈത്ത്- ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ പ്രഖ്യാപിച്ച് ഖമീസ് ടൗണ്‍ കെ.എം.സി.സി. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തോടൊപ്പാണ് വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. ആദ്യപടിയായി അസീറില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.തുടര്‍ന്ന് പ്രമുഖ ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ വിപുലമായ മെഡിക്കല്‍ ക്യാമ്പ് നടത്തും. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി വിവിധ രാഷ്ട്രീയ സാംസ്‌കാരിക മത സംഘടനകളെ പങ്കെടുപ്പിച്ച് ടേബിള്‍ ടോക്ക്, മെമ്പര്‍മാരുടെ ഉന്നമനത്തിനായി സാമ്പത്തിക സുരക്ഷാ പദ്ധതി, ബാല കേരളയുടെ രൂപത്തില്‍ കുട്ടികളുടെ കൂട്ടായ്മ, വനിതാ വിംഗ് രൂപീകരണം, വിന്റര്‍ സൂപ്പര്‍ 2023 എന്ന പേരില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്രിക്കറ്റ് ടുര്‍ണ്ണമെന്റ്,
മാന്‍ ഓഫ് അസീര്‍ പുരസ്‌കാരം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഒന്‍പത് വര്‍ഷമായി പ്രതിവര്‍ഷം നാനൂറോളം പേര്‍ക്ക് കൊടുത്തു വരുന്ന കിടപ്പു രോഗികള്‍ക്കുള്ള  ധനസഹായം കൂടുതല്‍ രോഗികളിലേക്ക് നല്‍കാന്‍ ശ്രമിക്കുമെന്നും വര്‍ഷങ്ങളായി കെ.എം.സി.സി നാട്ടില്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്കിടയില്‍ പ്രയാസമനുഭവിക്കുന്ന  അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
മണ്‍മറഞ്ഞു പോയ നേതാക്കളുടെ അനുസ്മരണ പരിപാടികളും  പൊതുസമ്മേളനങ്ങളും നടത്തും. സമ്മേളനത്തില്‍ കെ..എം ഷാജി, നജീബ് കാന്തപുരം എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി നജീബ് തുവ്വൂര്‍, ഭാരവാഹികളായ അലി സി പൊന്നാനി, ഉമ്മര്‍ ചെന്നാരിയില്‍, അഷ്‌റഫ് ഡിഎച്ച് എല്‍, മിസ്ഥര്‍ മുണ്ടുപറമ്പ്, മുസ്തഫ മാളികുന്ന്, റഹ്മാന്‍ മഞ്ചേരി, സലീം കൊണ്ടോട്ടി, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ജലീല്‍കാവനൂര്‍, മുഹമ്മദ് കുട്ടി മാതാപ്പുഴ, ബഷീര്‍ മുന്നിയൂര്‍ എന്നിവര്‍ പങ്കെടുത്തു.
 

 

Latest News