Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ ലഗേജുകൾ താമസ സ്ഥലങ്ങളിൽ എത്തിക്കാൻ കരാർ

ജിദ്ദ - ജിദ്ദ എയർപോർട്ട് വഴി എത്തുന്ന വിദേശ ഹാജിമാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് മക്കയിലെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സേവനം നടപ്പാക്കാൻ ഹജ്, ഉംറ മന്ത്രാലയവും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും കരാർ ഒപ്പുവെച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്തിന്റെയും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ അലി അൽനഈമിന്റെയും സാന്നിധ്യത്തിലാണ് ജിദ്ദ എയർപോർട്ട് ഹജ് ടെർമിനലിൽ വെച്ച് കരാർ ഒപ്പുവെച്ചത്. ഹജ്, ഉംറ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജിദ്ദയിലെ മന്ത്രാലയ ശാഖ മേധാവി അബ്ദുറഹ്മാൻ അൽഗന്നാമും സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ പ്രതിനിധീകരിച്ച് വെസ്റ്റേൺ പോർട്ട്‌സ് റീജനൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ മിശ്അൽ അൽസുബൈദിയുമാണ് കരാറിൽ ഒപ്പുവെച്ചത്. 
ജിദ്ദ എയർപോർട്ടിലെ ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് ഹാജിമാരുടെ ലഗേജുകൾ സ്വീകരിച്ച് കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ തീർഥാടകരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സേവനമാണിത്. ബാഗേജുകൾക്ക് കാത്തുനിൽക്കാതെ എളുപ്പത്തിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സേവനം തീർഥാടകരെ സഹായിക്കും. ഇത്തവണ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 
സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും സ്വദേശങ്ങളിൽ വെച്ച് പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതിയുടെ ഭാഗമായി സമാന പദ്ധതി നടപ്പാക്കുന്നുണ്ട്. മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിക്കുന്ന തീർഥാടകരുടെ ലഗേജുകൾ സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിച്ച ശേഷം സൗദിയിലെ യാത്ര, താമസ ക്രമീകരണങ്ങൾക്കനുസരിച്ച് മക്കയിലെയും മദീനയിലെയും ഹാജിമാരുടെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. 
സമാന സേവനമാണ് മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിക്കാത്ത മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കു കൂടി ലഭ്യമാക്കുന്നത്. മക്ക റൂട്ട് പദ്ധതിയിൽ നിന്ന് വിഭിന്നമായി ഈ സേവനത്തിൽ ജിദ്ദ എയർപോർട്ടിലെ അന്താരാഷ്ട്ര ടെർമിനലിലെ ആഗമന ടെർമിനലുകളിൽ നിന്നാണ് തീർഥാടകരുടെ ലഗേജുകൾ സ്വീകരിച്ച് കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുക. 

Latest News