നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. 2019 സെപ്തംബർ 21 ന് 28 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുമായി പിടിയിലായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് (ഫാസ്റ്റ് ട്രാക്ക് 1) കോടതി കുറ്റവിമുക്തനാക്കിയത്. ദോഹയിലേക്ക്
കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ മെതാംഫെറ്റമിൻ ആണ് ഇയാളുടെ ബാഗേജിൽ നിന്നും പിടികൂടിയിരുന്നത്. ബാഗേജിൽ പ്രത്യേകം അറയുണ്ടാക്കി അതിനകത്താണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. എക്‌സറേ പരിശോധനയ്ക്കിടെ സംശയം തോന്നി ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കായിരുന്നു (എൻ.സി.ബി) കേസിന്റെ തുടരന്വേഷണ ചുമതല. എന്നാൽ മയക്കുമരുന്ന് കണ്ടെത്തിയത് ഇയാളുടെ ബാഗേജിൽ നിന്നാണെന്ന് തെളിയിക്കാൻ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. സമാനമായ കാരണം ചൂണ്ടിക്കാട്ടി പത്ത് കോടി രൂപയുടെ മയക്കുമരുന്നുമായി 2018 ൽ വിമാനത്താവളത്തിൽ പിടിയിലായിരുന്ന വിദേശ പൗരനെയും 2021 ൽ കോടതി വെറുതെ വിട്ടിരുന്നു. ഈ കേസിലും തുടരന്വേഷണം നടത്തിയത് എൻ.സി.ബിയാണ്.