ജിദ്ദ - കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഹജ് ടെർമിനൽ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു. ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന വിവിധ വകുപ്പുകളുടെ കേന്ദ്രങ്ങളും കൗണ്ടറുകളും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത്, സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ, പൊതുസുരക്ഷ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി എന്നിവരും വിവിധ വകുപ്പ് മേധാവികളും ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.
നിരോധിത വസ്തുക്കളുടെ കടത്ത് തടയാൻ അടക്കം ഹജ് ടെർമിനലിൽ കസ്റ്റംസ് നടത്തുന്ന പ്രവർത്തനങ്ങൾ വീക്ഷിച്ച ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബസുകളിൽ കയറുന്നതു വരെ ഹാജിമാർക്ക് കാത്തിരിക്കാനുള്ള വിശ്രമ കേന്ദ്രങ്ങളും സന്ദർശിച്ചു. ഹജ് ടെർമിനലിൽ 20 വിശ്രമ കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ ആകെ വിസ്തൃതി 1200 ചതുരശ്ര മീറ്ററാണ്. ഒരു വിശ്രമ കേന്ദ്രത്തിൽ മണിക്കൂറിൽ 300 തീർഥാടകരെ ഉൾക്കൊള്ളാൻ സാധിക്കും.
ഇസ്‌ലാമികകാര്യ മന്ത്രാലയ ഓഫീസ്, ജവാസാത്ത് കൗണ്ടറുകൾ എന്നിവിടങ്ങളും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. ഹജ് തീർഥാടകരുടെ സേവനത്തിന് ഹജ് ടെർമിനലിൽ 200 ലേറെ ജവാസാത്ത് കൗണ്ടറുകളുണ്ട്. വികലാംഗർക്കും പ്രായം ചെന്നവർക്കുമുള്ള പ്രത്യേക ട്രാക്കുകളും ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ വീക്ഷിച്ചു. ഇത്തരത്തിൽ പെട്ട 17 ട്രാക്കുകളാണ് ഹജ് ടെർമിനലിലുള്ളത്. തീർഥാടകർക്ക് നൽകുന്ന സേവന ഗുണനിലവാരം ഉയർത്താൻ ജവാസാത്ത് ഇത്തവണ ആദ്യമായി നടപ്പാക്കിയ ഡോക്യുമെന്റേഷൻ ക്യാമറകളുടെ പ്രവർത്തനത്തെ കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർക്കു മുന്നിൽ വിശദീകരിച്ചു.
സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനൽ പ്രത്യേകം സന്ദർശിച്ചു. ഏറ്റവും ഉയർന്ന ഗുണനിലവാരത്തോടെയും കൃത്യതയോടെയും പ്രാവീണ്യത്തോടെയും മുഴുവൻ സേവനങ്ങളും നൽകാൻ ജവാസാത്ത് ഉദ്യോഗസ്ഥരോട് ജനറൽ സുലൈമാൻ അൽയഹ്‌യ ആവശ്യപ്പെട്ടു.