കണ്ണൂര്‍ - പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രത്തിലെ പെരുമ്പാമ്പിന് 23 കുഞ്ഞുങ്ങള്‍ പിറന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് 32 മുട്ടകളിട്ടത്. പെരുമ്പാമ്പുകള്‍ അടയിരിക്കാറുണ്ടെങ്കിലും പാമ്പ് വളര്‍ത്തുകേന്ദ്രത്തില്‍ വിരിഞ്ഞ മുട്ടകളെല്ലാം പ്രത്യേകമായി വിരിയിച്ചെടുക്കുക ആയിരുന്നു. 65 ദിവസത്തിനുശേഷമാണ് മുട്ടകള്‍ വിരിഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്.
പൈത്തണ്‍ മൊളൂറസ് എന്ന ശാസ്ത്രീയനാമമുള്ള പെരുമ്പാമ്പ് 91 കിലോവരെ ഭാരമുണ്ടാകാറുണ്ട്. ജീവനുള്ള മൃഗങ്ങളെയാണ് ഇവ ആഹാരമാക്കാറുള്ളത്. പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയാണ് പ്രധാന ആഹാരം. വിഷമില്ലാത്തവയാണ് പെരുമ്പാമ്പുകള്‍. ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്. 58 മുതല്‍ 90 ദിവസം വരെ മുട്ട വിരിയാന്‍ എടുക്കാറുണ്ട്. ഒരു പ്രാവശ്യം 8 മുതല്‍ 100 വരെ മുട്ടകളിടാറുണ്ട്.
എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങിന്റെ പ്രശസ്തമായ ജംഗിള്‍ ബുക്കിലെ പാമ്പിന്റെ പേരായ 'കാ ' എന്ന പേരാണ് ഈ പെരുമ്പാമ്പിന് ഇട്ടിരുന്നത്. ജൂണ്‍ മാസം 9 നു സ്‌നേക്ക് പാര്‍ക്കിലെ 'മാനസ ' എന്ന അണലി 25 കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. 2023 ജനുവരി മുതല്‍ നിരവധി പുതിയ അതിഥികള്‍ സ്‌നേക്ക് പാര്‍ക്ക് കുടുംബത്തിലേക്ക് എത്തിയിരുന്നു . 'കല്യാണി ' എന്ന നീര്‍ക്കോലിയുടെ കുഞ്ഞുങ്ങള്‍; റാന്‍, ഇവ , നോവ എന്ന എമു കുഞ്ഞുങ്ങള്‍, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന വിറ്റാക്കര്‍ മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങള്‍; വാസുകി , മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങള്‍, എന്നിവയ്ക്ക് പിന്നാലെ ഏറ്റവും ഒടുവിലായി ' കാ ' എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങള്‍ കൂടി സ്‌നേക്ക് പാര്‍ക്ക് കുടുംബത്തിലേക്ക് ചേരുകയാണ്. ഇവയെ കാണാന്‍ നിരവധിയാളുകള്‍ സ്‌നേക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരുന്നുണ്ട്.