മഞ്ചേരി- മൂന്നു വര്‍ഷമായി തകര്‍ന്നുകിടക്കുന്ന മഞ്ചേരി മുള്ളമ്പാറ വട്ടപ്പൊന്ത ഗ്യാസ് ഗോഡൗണ്‍ റോഡിലെ വെള്ളക്കെട്ടിന് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉറപ്പ്. റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊതുമരാമത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ സമിതിയുണ്ടാക്കി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ദിനംപ്രതി ഒട്ടേറെ പേര്‍ ആശ്രയിക്കുന്ന റോഡ് കാലവര്‍ഷം എത്തിയതോടെ ഏറെ ശോചനീയമായ അവസ്ഥയിലായിരുന്നു. നൂറുക്കണക്കിനാളുകളാണ് മഞ്ചേരി കച്ചേരിപ്പടിയിലെ പൊതുമരാമത്ത് ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ അണിനിരന്നത്. ഗ്യാസ് ഗോഡൗണ്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് മരാമത്ത് ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. 500 പേര്‍ ഒപ്പിട്ട നിവേദനം മരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറി. രണ്ടു ദിവസത്തിനകം ക്വാറി മാലിന്യം ഉപയോഗിച്ച് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും റോഡ് ടാറിംഗിന് വേഗത്തില്‍ നടപടി സ്വീകരിക്കാമെന്നും എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍ സമരക്കാര്‍ക്കു ഉറപ്പു നല്‍കി. റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രയും പ്രയാസമാണ്. മുള്ളമ്പാറയില്‍ നിന്നു മലപ്പുറം ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണിത്. മുള്ളമ്പാറ - കോണിക്കല്ല് റോഡിലെ വട്ടപ്പൊന്ത മേഖലയിലാണ് റോഡ് കൂടുതലായും തകര്‍ന്നത്. 300 മീറ്റര്‍ ഭാഗത്ത് നിരവധി കുഴികളാണുള്ളത്. ഇതോടെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് ഓട്ടോ വിളിച്ചാല്‍ പോലും വരില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ പാച്ചേങ്ങല്‍ സക്കീര്‍ അധ്യക്ഷനായിരുന്നു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.എം.നാസര്‍, കൗണ്‍സിലമാരായ അഡ്വ.ബീനാ ജോസഫ്, വി.സി മോഹനന്‍, വിവിധ സംഘടനാ പ്രതിനിധികളായ എ.പി മജീദ്, ഖാലിദ് മഞ്ചേരി, വി.എം അലവി, വി.പി നാരായണന്‍ കുട്ടി, നാസര്‍ കൂളിയോട്ട്, വി.പി റിയാസ്, ഹൈദരലി കുണ്ടൂക്കര, മുഹമ്മദാലി കൂളിയോടന്‍, സഹദ് ചേലാതടത്തില്‍, സി.ടി. സല്‍മാന്‍, എ.എം അലവി, വി.എം ജലീല്‍ പങ്കെടുത്തു.