കാസർകോട്- കുമ്പള കൊടിയമ്മയിൽ പ്രവാസിയുടെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും സ്വർണാഭരണങ്ങളും പണവും കവർന്നു. കൊടിയമ്മ ചൂരിത്തടുക്കയിലെ അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കവർച്ചാ സംഘം അകത്ത് കയറിയ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. പകൽ സമയത്ത് വീട്ടിൽ ഒളിഞ്ഞുകയറി രണ്ടാംനിലയിലെ ഉപയോഗിക്കാത്ത മുറിയിൽ കവർച്ചാ സംഘം തങ്ങി രാത്രിയോടെ കവർച്ച നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. താഴത്തെ നിലയിലെ മൂന്ന് അലമാരകളും മുകളിലത്തെ നിലയിലെ രണ്ട് അലമാരകളും കുത്തി തുറന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. താഴത്തെ നിലയിലെ കിടപ്പ് മുറിയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് 10 പവൻ സ്വർണാഭരണങ്ങളും 17,000 രൂപയും രണ്ടാംനിലയിലെ അലമാരയിലുണ്ടായിരുന്ന 8,000 രൂപയുമാണ് കവർന്നത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന, ജമീലയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 14 ആർ 4570 സ്വിഫ്റ്റ് കാറുമായാണ് കവർച്ചാ സംഘം കടന്നത്. വീടിന് സമീപം ഒരു പർദ്ദ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ രണ്ടേ മുക്കാലോടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കവർച്ചാ സംഘം രക്ഷപ്പെട്ടത്. കുമ്പള ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ, എസ്.ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തെളിവെടുപ്പിന് എത്തിയ കാസർകോട് നിന്നുള്ള പൊലീസ് നായ വീടിന്റെ ഗേറ്റ് കടന്ന് റോഡ് വരെ പോയി തിരിച്ചുവരികയായിരുന്നു ചെയ്തത്. കാർ പുറത്തേക്ക് തള്ളികൊണ്ടുപോയി അതിൽ കയറി കടന്നുകളഞ്ഞു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.