കൊച്ചി- മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെൻട്രൽ സി ഐ അനന്ത്‌ലാൽ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെയാണ് മാറ്റിയത്. കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മിഷണർ എസ്.പി. സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല നൽകിയിട്ടുള്ളത്. അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്റെ മേൽനോട്ട ചുമതല ഡിജിപി നേരിട്ട് വഹിക്കും.
അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനാകാതെ പോലീസ് കടുത്ത സമ്മർദത്തിലാണ്. മുഖ്യപ്രതികൾ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് കരുതുന്നത്. അതേ സമയം അഭിമന്യു വധത്തിൽ ഉൾപ്പെട്ട പ്രതികൾ എവിടെയാണെന്ന് സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം പ്രതികൾ സംസ്ഥാനം വിട്ടെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ കൊലപാതകം നടന്ന ശേഷം പ്രതികൾ ഒളിവിലാണ്. പ്രധാനപ്രതി ചേർത്തല വടുതല സ്വദേശി മുഹമ്മദിന്റെ കുടുംബം വീടുംപൂട്ടി ഒളിവിൽപോയിരിക്കുകയാണ്. അതേസമയം ഒളിവിലായ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എത്താനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ള സെയ്ഫുദ്ദീൻ എന്ന പ്രതിയെ ചോദ്യം ചെയ്തതതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.