Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് ശ്രദ്ധ തിരിക്കാൻ -വി.ഡി. സതീശൻ

കൊച്ചി- ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസെടുത്ത് മനഃപൂർവമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കള്ളക്കടത്ത് കേസിൽ അകത്ത് പോകേണ്ടയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി 100 ദിവസം ജയിലിൽ കിടുന്നു. ബി.ജെ.പിയുമായും സംഘപരിവാറുമായും ഒത്തുതീർപ്പുണ്ടാക്കിയാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. ലൈഫ് മിഷനിൽ 20 കോടിയിൽ നിന്നും കമ്മീഷനായി 46 ശതമാനമായ ഒൻപതേകാൽ കോടി രൂപ അടിച്ചുമാറ്റി. ലൈഫ് മിഷന്റെ ചെയർമാനാണ് മുഖ്യമന്ത്രി. ലൈഫ് മിഷൻ കോഴയിൽ പങ്ക് കിട്ടിയ മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ട ആളാണ്. എ.ഐ ക്യാമറയിലും കെ-ഫോണിലും ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് ബന്ധമുള്ള കമ്പനിയെക്കുറിച്ചാണ് ആരോപണങ്ങളുണ്ടായത്. എന്നിട്ടും നടപടിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. നൂറു കണക്കിന് കോടി രൂപയുടെ അഴിമതിയാണിത്. അതിലൊന്നും അന്വേഷണമില്ല. കോവിഡ് കാലത്തെ മെഡിക്കൽ പർച്ചേസിലും ഒരു കേസുമില്ല. പ്രതിപക്ഷമാണ് ലോകായുക്തയെ സമീപിച്ചത്. ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി എം.വി. ഗോവിന്ദന്റെ ഭാര്യയ്‌ക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നിട്ടും കേസെടുത്തില്ല. തിരുവനന്തപുരത്ത് തിരിമറി നടത്തിയ എസ്.എഫ്.ഐ നേതാവ് വെറുതെ നടക്കുകയാണ്. കേസെടുത്തിട്ടും അറസ്റ്റില്ല.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ കേസിലും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലും അറസ്റ്റില്ല. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഭരണകക്ഷി നേതാക്കൾക്കും എതിരെ നിരവധി കേസുകളാണുള്ളത്. സി.പി.എം നേതാവിന്റെ ബന്ധുവാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ കൊടുത്തത്. അന്വേഷണങ്ങളൊക്കെ എവിടെപ്പോയി. സ്വന്തക്കാരെ മുഴുവൻ സംരക്ഷിക്കുകയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയുമാണ് ചെയ്യുന്നത്.
ശബരിമലയുടെ ചരിത്രം പറയുന്ന മോൻസന്റെ വ്യാജ ചെമ്പോലയെ കുറിച്ച് ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നത്. കെ. സുധാകരനെതിരെ കേസെടുക്കുന്നവർ ജനങ്ങളെ കബളിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ അകത്ത് പോകുമെന്നാണ് മോൻസൻ മാവുങ്കൽ ഇപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. മോൻസന്റെ വീട്ടിൽ പോയി സിംഹാസനത്തിൽ ഇരുന്നവരെക്കുറിച്ചും അന്വേഷണമില്ല. മോൻസന് വിശ്വാസ്യത നൽകിയത് ഡി.ജി.പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ്. അവർക്കെതിരെയാണ് കേസെടുക്കേണ്ടത്. അല്ലാതെ ചികിത്സക്ക് പോയവർക്കെതിരെയല്ല. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ തെറ്റിദ്ധരിച്ച് ചികിത്സക്ക് എത്തിയിട്ടുണ്ട്.
നാട്ടിൽ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. യഥാർഥ കുറ്റവാളികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം തകർന്നൊരു കാലമുണ്ടായിട്ടില്ല. പ്രതികളെല്ലാം റോഡിലൂടെ നടക്കുമ്പോൾ കൈകാലുകളിൽ കൂച്ച് വിലങ്ങിട്ട് നടക്കുകയാണ് കേരളത്തിലെ പോലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സി.പി.എം നേതാക്കളിൽ നിന്നും തിട്ടൂരം വാങ്ങി മാത്രം ജോലി ചെയ്യുന്ന പോലീസായി കേരളത്തിലെ പോലീസ് അധഃപതിച്ചു. നല്ല ഉദ്യോഗസ്ഥരെയെല്ലാം മാറ്റി നിർത്തിയിരിക്കുകയാണ്. നാട്ടിൽ നിയമവും കോടതിയുമൊക്കെയുണ്ട്. ഞങ്ങൾ നിയമപരമായും രാഷ്ട്രീയമായും നേരിടും -സതീശൻ പറഞ്ഞു.

Latest News