തിരുവനന്തപുരം - തിരുപ്പതിയില്‍നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുവന്ന പെണ്‍ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാര്‍ഥം കൂട് തുറന്നപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. രാത്രിയോടെ മ്യൂസിയത്തിനു സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന്‍ മുകളില്‍ ഇരിക്കുന്ന കുരങ്ങനെ കൂട്ടിലാക്കാന്‍ മൃഗശാല അധികൃതര്‍ തീവ്രശ്രമത്തിലാണ്.
രാത്രി സഞ്ചരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ പുലര്‍ച്ചെയോടെ കുരങ്ങിനെ പിടികൂടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. അതേസമയം, കുരങ്ങ് ചാടിപ്പോയതറിഞ്ഞ് ജനക്കൂട്ടം മ്യൂസിയം വളപ്പില്‍ തടിച്ചു കൂടി.
കുരങ്ങിനെ പിടികൂടാനായി ആണ്‍കുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെണ്‍കുരങ്ങ് ശ്രദ്ധിക്കാതെ മൂന്നോട്ടു പോയി. ഇടക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന്‍ മുകളില്‍ കുരങ്ങിനെ കണ്ടെത്തി. ഇവിടെ നിന്നു മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.