കോട്ടയം - സോളാർ കമ്മീഷനെതിരായി ഉയർന്ന ഉന്നതതല വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം തുറന്നുകാട്ടുന്ന പ്രചാരണത്തിന് കോൺഗ്രസ് മുന്നോട്ടു വന്നില്ലെന്ന ആക്ഷേപത്തിനിടെ നാളെ കോട്ടയത്ത് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷാണ് തിരുനക്കരയിലെ പരിപാടി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നതെങ്കിലും നേതാക്കളെയാരും ക്ഷണിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടിയെ അവഗണിച്ചുവെന്നാണ് കോട്ടയത്തെ ഒരു വിഭാഗത്തിന്റെ മനസ്സിലിരിപ്പ്. സി.പി.ഐ നേതാവ് സി. ദിവാകരനും മുൻ ഡി.ജി.പി ഹേമചന്ദ്രനുമാണ് സോളാർ കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പതനത്തിനു കാരണമായ സോളാർ വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ വിവാദം ഉയർന്നിട്ടും കോൺഗ്രസ് നേതൃത്വം അത് ഗൗരവത്തിലെടുത്തില്ലെന്നാണ് കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരുടെ പരാതി. സോളാർ വിവാദവുമായി ബന്ധപ്പെട്ട് സി.ദിവാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമഗ്രാന്വേഷണം നടത്തുക എന്ന ആവശ്യം ഉന്നയിച്ചുളള ഡി.സി.സി പോസ്റ്റുകളാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രത്തോടെ നഗരത്തിൽ പതിച്ചിരിക്കുന്നത്.
സി.പി.ഐ നേതാവ് സി.ദിവാകരൻ, മുൻ ഡി.ജി.പി ഹേമചന്ദ്രൻ എന്നിവർ നടത്തിയ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പ്രതികരണമുണ്ടായില്ലെന്ന ആരോപണം ആദ്യം ഉന്നയിച്ചത് എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കെ.സി. ജോസഫായിരുന്നു. ഔദ്യോഗിക വിഭാഗത്തോട് അടുത്തു നിൽക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ ആരോപണം തള്ളി രംഗത്തെത്തി. ഇതിനിടെ ചാണ്ടി ഉമ്മനും വിഷയത്തിൽ വൈകാരികമായാണ് പ്രതികരിച്ചത്. ശക്തമായ പ്രതികരണത്തിന് പോലും നേതാക്കൾക്ക് കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്. തങ്ങളുടെ കുടുംബം അനഭവിച്ച മാനസിക പീഡനം വളരെ വലുതായിരുന്നു. എന്നെങ്കിലും സത്യം പുറത്തു വരുമെന്നും കാർമേഘങ്ങൾക്ക് സത്യത്തെ മൂടിവെയ്ക്കാൻ കഴിയില്ലെന്നും അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് യാഥാർഥ്യമായെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
സോളാർ കമ്മീഷൻ വിവാദത്തിൽ ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാൻ പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നില്ലെന്ന പരാതി എ വിഭാഗം ശക്തമാക്കുന്നതിനിടയിൽ കോട്ടയത്ത് ഇന്ന് ഉമ്മൻ ചാണ്ടിക്കായി ജനകീയ സദസ്സ് നടത്തും. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.സി. ജോസഫ്, വെന്നി ബഹനാൻ തുടങ്ങി എ ഗ്രൂപ്പ് നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കം ഔദ്യോഗിക വിഭാഗം നേതാക്കളെ ആരെയും ക്ഷണിച്ചിട്ടില്ല.
ജസ്റ്റിസ് ശിവരാജനെക്കുറിച്ച് സി. ദിവാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് കോട്ടയത്ത് ജനകീയ സദസ്സ് നടത്തുന്നത്. ഇത് ഗ്രൂപ്പ് യോഗമല്ല, ഡി.സി.സി മുൻകൈയെടുത്ത് നടത്തുന്ന പരിപാടിയാണെന്ന് ജില്ല നേതാക്കൾ അറിയിച്ചു. ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാൻ നടത്തുന്ന യോഗം വൈകിയെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നില്ല. എന്നാൽ കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ തണലിൽ വളർന്ന പല പ്രമുഖ നേതാക്കളും സോളാർ വിവാദത്തിലെ വെളിപ്പെടുത്തൽ വേണ്ടത്ര അർഹമായ ഗൗരവത്തോടെ പ്രതികരിച്ചില്ലെന്ന വികാരം ശക്തമാണ്.