Sorry, you need to enable JavaScript to visit this website.

മെയ് ഫ്ളവർ പോലെ മേലാറ്റൂർ 

കാട്ടിനുള്ളിലെ റെയിൽവേ സ്റ്റേഷൻ പ്രതീതിയുമായി മേലാറ്റൂർ 
മേലാറ്റൂർ സ്റ്റേഷൻ 
കോവിഡ് കാലത്ത് മെയ് ഫ്ളവർ മൂടിയ മേലാറ്റൂർ സ്റ്റേഷൻ (ഫയൽ) 
യാത്രക്കാരോ ട്രെയിനോ ഇല്ലാത്ത സ്റ്റേഷനെ ഗുൽമോഹർ പൂക്കൾ മൂടിയപ്പോൾ (ഫയൽ) 

ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ അത്ര തന്നെ പ്രധാനമല്ലാത്ത റെയിൽവേ സ്റ്റേഷനാണ് മേലാറ്റൂർ. ദീർഘദൂര ട്രെയിനുകൾ ഇവിടെ നിർത്താറില്ല. ഒരു സ്റ്റേഷന്റെ യാതൊരു ബഹളവും ഇവിടെ കാണില്ല. മേലാറ്റൂർ അങ്ങാടിയിൽ നിന്ന് അൽപം അകലെ വനത്തിനുള്ളിലെന്ന പോലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയിലുമായി ഏതാനും ലോക്കൽ ട്രെയിനുകൾ കടന്നു പോകുന്നു. കോവിഡ് കാലത്തിന് ശേഷം ഇവക്കെല്ലാം എക്‌സ്പ്രസ് സ്‌പെഷ്യൽ എന്ന പേര് കിട്ടിയിട്ടുണ്ട്. വാസ്തവത്തിൽ കോവിഡ് മഹാമാരിയാണ് മേലാറ്റൂരിനെ ഇത്രയേറെ പ്രസിദ്ധമാക്കിയത്. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയ നാളുകൾ. ആളുകൾ പുറത്തിറങ്ങാൻ ധാരാളം വിലക്കുകളുള്ള കാലത്ത് ആരും വരാതായി. ഇതോടെ അനുകൂല കാലാവസ്ഥയിൽ പുഷ്പിച്ച ഗുൽമോഹർ പൂക്കളാണ് മേലാറ്റൂരിന്റെ കീർത്തി പരത്തിയത്. മേലാറ്റൂർ സ്റ്റേഷന് ഒരു ഉദ്യാനത്തിന്റെ പ്രതീതി കൈവന്നു. മലപ്പുറം ജില്ല കലക്ടറുടെ ഫേസ്ബുക്ക് പേജിൽ പോലും ഈ ഗ്രാമീണ സ്റ്റേഷൻ സ്ഥാനം പിടിച്ചു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും റെയിൽ പാതയും കാത്തിരിപ്പിനുള്ള സിമന്റ് ബെഞ്ചുമെല്ലാം ചുവപ്പു പൂക്കളാൽ അലംകൃതമായി. ഇത് ദൽഹിയിലിരിക്കുന്ന അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയിലും പെട്ടു. റെയിൽവേ മന്ത്രി ഇതിനെ ട്വീറ്റ് ചെയ്തു. മാധ്യമ പ്രവർത്തകർ പോലും കാര്യമായി പുറത്തിറങ്ങാത്ത നാളുകളിൽ മേലാറ്റൂർ സ്റ്റേഷൻ ഒരു മാജിക്കായി മാറുകയായിരുന്നു. റെയിൽവേ മന്ത്രിയുടെ ട്വീറ്റിനെ തുടർന്ന് ഇന്ത്യക്ക് പുറത്തുള്ളവർ പോലും ഇതിനെ ശ്രദ്ധിച്ചു. നവഭാരത് ടൈംസ് പോലുള്ള ദേശീയ പത്രങ്ങളിൽ വരെ ഇത് വാർത്തയായി. കേരളത്തിന് പുറത്തുള്ളവർ മേലാറ്റൂർ സ്റ്റേഷനെ അടുത്തറിഞ്ഞു. സൈബർ ലോകത്ത് ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽപാത എന്ന് ഷൊർണൂർ-നിലമ്പൂർ റൂട്ടിനെ വിശേഷിപ്പിക്കാൻ തുടങ്ങിയതിനും നിമിത്തമായത് മേലാറ്റൂരെന്ന കൊച്ചു സ്റ്റേഷനാണ്. 

Latest News