ചങ്ങരംകുളം (മലപ്പുറം)- സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പോക്‌സോ കേസിൽ അറസ്റ്റിൽ. ചാലിശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പിൽ അലി (43)യെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാർഥിയായ 15 വയസുകാരിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നത്. കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ ചങ്ങരംകുളം- നരണിപ്പുഴ റൂട്ടിലെ ബസിലാണ് സംഭവം. സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് നേരെ ലൈഗികാവയവം കാണിച്ചെന്നാണ് പരാതി. ചങ്ങരംകുളത്ത് എരംമംഗലം റോഡിൽ വച്ച് ബസ് ഒരു കാറിൽ തട്ടി അപകടം സംഭവിച്ചിരുന്നു. ഈ സമയത്ത് ബസ് നിർത്തി ജീവനക്കാർ പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയുടെ മാതാവ് സംഭവം ബസ് ജീവനക്കാരോട് പറഞ്ഞത്. ഇതോടെ ഇയാൾ ബസിൽ നിന്നിറങ്ങിയോടി. പിറകെ ഓടിയ നാട്ടുകാർ അലിയെ പിടികൂടി തടഞ്ഞ് വച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസെത്തി അലിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.