അങ്ങാടിപ്പുറം-മങ്കട, പെരിന്തൽമണ്ണ നിയോജകമണ്ഡലങ്ങളിൽ മുസ്ലിംലീഗിന്റെ നേതാവും സാമൂഹിക, മതരംഗങ്ങളിൽ സജീവസാന്നിധ്യവുമായിരുന്ന കുന്നത്ത് മുഹമ്മദ്ഹാജിയുടെ കുടുംബം മുസ്്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിനു മുൻവശത്തെ 6.50 സെന്റ് സ്ഥലമാണ്
കുന്നത്ത് മുഹമ്മദ്ഹാജിയുടെ മക്കളും അവകാശികളും ചേർന്നു ലീഗ് കമ്മിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്ത്
നൽകിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കു സ്ഥലത്തിന്റെ ആധാരം കൈമാറി. എം.ഇ.എസ് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പാവപ്പെട്ടവർക്കായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സ്ഥലം വിട്ടു നൽകിയത്. മുസ്ലിം ലീഗ് നേതാവും മുഹമ്മദ്ഹാജിയുടെ മൂത്ത മകനുമായ കുന്നത്ത് ആലിഹാജി ആധാരം സാദിഖലി തങ്ങളെ
ഏൽപ്പിച്ചു. മറ്റു മക്കളും അവകാശികളുമായ ഉമ്മർഹാജി, അബുഹാജി, മൂസഹാജി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, ഷമീർ ഷാഹിൽ എന്നിവരും കൂടെയുണ്ടായിരുന്നു. ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഉമ്മർ അറക്കൽ, അഡ്വ. കുഞ്ഞാലി, മാനു, അമീർ പാതാരി, നുഹ് മാൻ ഷിബിലി, ഇ.കെ.കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു.