Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിൽ 57 ലക്ഷത്തിന്റെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 57 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശിയായ അഷറഫ് എന്ന യാത്രക്കാരനാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി പിടിയിലായത്. ബഹ്‌റൈനിൽനിന്ന് കോഴിക്കോട് വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഐ.എക്‌സ് 474 നമ്പർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. മിശ്രിത രൂപത്തിലാക്കിയ സ്വർണം നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് 1069.57 ഗ്രാം തൂക്കമുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഈ മാസം ഇതുവരെ മൂന്ന് കോടി രൂപ വിലവരുന്ന 5805 ഗ്രാം സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. കാൽ പാദത്തിനടിയിൽ ഒട്ടിച്ച് ചേർത്തും ആഭരണങ്ങളായും സ്വർണ മിശ്രിതമായും വിവിധ മാർഗ്ഗങ്ങളിലൂടെയാണ് അനധികൃതമായി സ്വർണം കടത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നത്. പിടിയിലായ പലരും കരിയർമാരാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ പലപ്പോഴും ഇവരിൽ നിന്നും അന്വേഷണം കള്ളക്കടത്തിന്റെ യദാർഥ പ്രതികളിലേക്ക് എത്തിപ്പെടാത്തതാണ് സ്വർണ കള്ളക്കടത്ത് അനുദിനം വർദ്ധിക്കാൻ ഇടയാക്കുന്നത്.

Latest News