ട്വിറ്റര്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം  ചെയ്തു- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം- ട്വിറ്റര്‍ മുന്‍ സിഇഒ ജാക് ഡോര്‍സിയുടെ പരാമര്‍ശം വസ്തുതാ പരമല്ലെന്നും ട്വിറ്റര്‍ മാധ്യമ സ്വതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് ട്വിറ്റര്‍ ഓഫിസ് റെയ്ഡ് ചെയ്തത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്തെ ചടങ്ങള്‍ പാലിക്കണം.
ടെലഗ്രാം ബോട്ടില്‍ വ്യക്തി വിവരങ്ങള്‍ വന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കോവിന്‍ പോര്‍ട്ടലില്‍നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബിബിസി ഡോക്യുമെന്ററി സമയത്ത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നു. ഇപ്പോള്‍ കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനു നേരെ കടന്നുകയറുന്നു. സിപിഎമ്മിന്റെ കപടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ ചീഫ് എക്സ്‌ക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോര്‍സിയാണ് രംഗത്തെത്തിയത്. സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.

Latest News