Sorry, you need to enable JavaScript to visit this website.

തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ സുധാകരൻ ഹൈക്കോടതിയിലേക്ക്

കൊച്ചി- പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിനെതിരായ ക്രൈംബ്രാഞ്ച് കേസിൽ  പ്രതി ചേർത്ത കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഹൈക്കോടതിയിലേക്ക്. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിയമനടപടികളെ കുറിച്ച് സുധാകരൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. എഫ്.ഐ.ആറിന്റെ പകർപ്പ് സുധാകരൻ ആവശ്യപ്പെടും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിക്കാർ ആദ്യം നൽകിയ ഹരജിയിൽ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. ഉന്നത ഗൂഢാലോചനയുടെ ഫലമായാണ് സുധാകരനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് എന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ മോൻസന്റെ തട്ടിപ്പിന് ഇരയായ യാക്കൂബ് പുറായിൽ, സിദ്ദീഖ് പുറായിൽ, അനുപ് വി അഹമ്മദ്, സലീം എടത്തിൽ, എം.ടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. 
കേസിൽ രണ്ടാം പ്രതിയായ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഈ മാസം 14 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കളമശ്ശേരി ഓഫീസിലാണ് ഹാജരാകേണ്ടത്. സിആർപിസി 41 എ പ്രകാരമാണ് നോട്ടീസ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ വകുപ്പിൽ നോട്ടീസ് നൽകുന്നത്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. 

മോൻസൺ മാവുങ്കൽ പുരാവസ്തു ഇടപാടിന്റെ പേരിൽ 10 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2018 നവംബർ 22ന് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് സുധാകരന്റെ സാന്നിധ്യത്തിലാണെന്നാണ് പരാതിയിലുള്ളത്. ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ച് ഫെമ നിയമങ്ങൾ കാരണം തടഞ്ഞുവെച്ചിട്ടുള്ള പണം വീണ്ടെടുക്കുന്നതിനുള്ള തടസങ്ങൾ നീക്കാൻ സുധാകരൻ സഹായിച്ചതായാണ് മോൻസൺ മാവുങ്കൽ പരാതിക്കാതെ ധരിപ്പിച്ചിരുന്നത്. 
ഒരു വർഷത്തിലേറെ നീണ്ട ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ കൂടി പ്രതിയാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മോൻസൺ കേസിലെ പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. പിന്നാലെ മോൻസന്റെ വീട്ടിൽ കെ. സുധാകരൻ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. 
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കുന്നതിനായി സഹായിയുടെ ഇടപെടലുണ്ടായിരുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കേസിലെ പരാതിക്കാരെയും മോൻസനെതിരായ പോക്‌സോകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ സുധാകരന്റെ സഹായി എബിൻ ഏബ്രഹാം ശ്രമിക്കുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവന്നിരുന്നു.

കോസ്‌മെറ്റോളജിസ്റ്റ് എന്ന നിലയിൽ സൗന്ദര്യവർധക ചികിത്സക്കാണ് മോൻസന്റെ വീട്ടിൽ പോയതെന്നാണ് സുധാകരൻ പ്രതികരിച്ചിരുന്നത്. മോൻസന്റെ വീടിനോടു ചേർന്ന ചികിത്സാ കേന്ദ്രത്തിൽ ലൈംഗിക പീഢനമടക്കം നടന്നിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോക്‌സോ ഉൾപ്പെടെയുള്ള ഉപകേസുകളും നിലവിലുണ്ട്. . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ് മോൻസൻ മാവുങ്കലിന്റെ പേരിലുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസുകൾ. ഈ കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 


മോൻസൺ കേസന്വേഷിക്കാൻ ഇ ഡിയും സി ബി ഐയും വന്നേക്കും

കൊച്ചി- മോൻസൺ മാവുങ്കലിന്റെ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന ഹർജിയിൽ രണ്ടാഴ്ചക്കകം പ്രധാനതീരുമാനങ്ങൾ വന്നേക്കും. രണ്ടാഴ്ച മുമ്പ് ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിനോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും വിശദീകരണം തേടിയിരിക്കുകയാണ്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ടെന്ന് പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇ ഡിക്ക് നോട്ടീസ് നൽകിയത്.  

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി മോൻസണെ കഴിഞ്ഞ വർഷം ജൂണിൽ എൻഫോഴ്സ്മെന്റ് ജെയിലിൽ രണ്ടു വട്ടം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിനിരയായ പരാതിക്കാരിൽ നിന്നും ഇ ഡി വിശദമായ മൊഴി രേഖപ്പെടുത്തുകയുണ്ടായി. അതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ. പുരാവസ്തു വിൽപനയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ ഡി യുടെ പ്രാഥമിക നിഗമനമെങ്കിലും തെളിവുകൾ കണ്ടെത്താനായിരുന്നില്ല. 

ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മോൻസൺ മാവുങ്കലിന്റെ പണമിടപാടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തട്ടിപ്പിലൂടെ ലഭിച്ച പണമെല്ലാം മോൻസൺ ധൂർത്തടിച്ച് കളഞ്ഞെന്നാണ് ഡിവൈ എസ് പി സോജന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘം കണ്ടെത്തിയത്. അതിനപ്പുറത്തേക്കുള്ള സാമ്പത്തിക ഇടപാടുകളൊന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. വിദേശത്തേക്ക് വരെ നീളുന്ന സാമ്പത്തിക ബന്ധങ്ങളുള്ള മോൻസന്റെ പണമിടപാടുകൾ കണ്ടെത്തുന്നതിൽ ക്രൈംബ്രാഞ്ച് പരാജയപ്പെട്ടതിനെ തുടർന്ന് തട്ടിപ്പിനിരയായവർ കഴിഞ്ഞ വർഷം സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ ചുമതല മറ്റൊരു വിംഗിലേക്ക് മാറ്റിയത്. ഈ സംഘമാണ് സുധാകരനെ കേസിൽ രണ്ടാം പ്രതിയാക്കി നോട്ടീസയച്ചിരിക്കുന്നത്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോൻസൺ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇവരെയെല്ലാം വെള്ളപൂശുന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയിലടക്കം നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ പലതും  അട്ടിമറിച്ചെന്നും പരാതിക്കാർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്  അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ലെന്നും സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്ന തട്ടിപ്പിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.


 

Latest News