ദമാം- യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് 'കണക്ട്-2023' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കായികോത്സവത്തിന് ഉജ്വല പരിസമാപ്തി.
ദമാം സൈഹാത്തിൽ നടന്ന കായികോത്സവത്തിൽ അൽകോബാർ ഘടകം ഓവറോൾ ചാമ്പ്യൻ പട്ടവും ജുബൈൽ ഘടകം റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കി.
തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് അൻവർ ശാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക, ധാർമിക മൂല്യങ്ങളാൽ മനസ്സിനെയും നിരന്തര കായിക പരിശീലനങ്ങളിലൂടെ ശരീരത്തെയും ഒരുപോലെ പരിപോഷിപ്പിക്കുന്നതിലൂടെയാണ് സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രതിഭാശാലികളായ യുവ തലമുറ വളർന്നു വരൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ ആക്ടിംഗ് പ്രസിഡന്റ് റയ്യാൻ മൂസ അധ്യക്ഷത വഹിച്ചു.
ഫുട്‌ബോൾ, വടംവലി, പെനാൽറ്റി ഷൂട്ട് ഔട്ട്, റിലേ തുടങ്ങി ഒട്ടേറെ ആവേശകരമായ മത്സരങ്ങൾ കായികോത്സവത്തിൽ അരങ്ങേറി. ദമാം, ജുബൈൽ, അൽകോബാർ എന്നീ ഘടകങ്ങളുടെ കീഴിൽ നൂറോളം യുവാക്കളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. അബ്ദുല്ല സയീദ്, നുഅമാൻ, മുഹമ്മദ് ബിനാൻ, അബൂബക്കർ, നവാഫ്, അൻവർ, ശാക്കിർ ഇൽയാസ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്കു നിസാർ, റയ്യാൻ മൂസ, ത്വയ്യിബ്, നഈം അബ്ബാസ് എന്നിവർ സമ്മാനദാനം നടത്തി.