കൊച്ചി - കോണ്‍ഗ്രസിലെ ബ്ലോക്ക് പ്രസിഡന്റ് നിയമനങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ആഗ്രഹങ്ങള്‍ നടപ്പിലാക്കാനായിട്ടില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് തന്നോട് പറയാമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. കേരളത്തില്‍ പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായും താന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിലാണ് താന്‍ കേരളത്തിലെത്തിയതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് യോഗത്തെക്കുറിച്ചുള്ള കെ സുധാകരന്റെ പ്രതികരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.