എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥി കൊല്ലപ്പെട്ടിരിക്കുന്നു. ഇടുക്കി തമിഴുനാടിനോട് അതിർത്തി പങ്കിടുന്ന വട്ടവട ഗ്രാമത്തിലെ ഏകമുറി വീട്ടിൽ നിന്നാണ് ഈ കുട്ടി കൊച്ചിയിലെ പ്രശസ്ത കലാലയത്തിൽ പഠിക്കാനെത്തിയത്. പിന്നോക്ക വിഭാഗത്തിൽപെട്ട ദരിദ്രനായ യുവാവ് പഠിക്കാൻ മിടുക്കനായതിനാലാണ് മെറിറ്റിൽ കൊച്ചിയിലെ കോളേജിൽ പ്രവേശനം നേടിയത്. ഈ കുട്ടി രാത്രിയുടെ മറവിൽ കൊല ചെയ്യപ്പെട്ട ദിവസത്തിന് വേറെയും പ്രത്യേകതയുണ്ട്. കാമ്പസിൽ പുതിയ വർഷം തുടങ്ങുന്നതിനാൽ വിദ്യാർഥി സംഘടനകൾ നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറുകളും പോസ്റ്ററുകളും ഏർപ്പെടുത്തുന്ന തിരക്കിലായിരുന്നു. പോസ്റ്റർ ഒട്ടിക്കാൻ ബുക്ക് ചെയ്ത മതിലിനെ ചൊല്ലിയുള്ള തർക്കമാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ അഭിമന്യുവിനെ കൊലക്കത്തിക്കിരയാക്കിയത്. കൊച്ചി കായലോരത്തെ കലാലയത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്. എറണാകുളം ജില്ലയിൽ രണ്ടാമത്തെ കാമ്പസ് രക്തസാക്ഷിയാണ് അഭിമന്യു.
ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കാമ്പസ് രാഷ്ട്രീയം വേണോ എന്ന വിഷയത്തിലുള്ള ചർച്ചയാവാൻ സാധ്യതയേറെയാണ്. കാമ്പസുകളിൽ രാഷ്ട്രീയ സംഘർഷത്തിന് തുടക്കമിട്ടത് വർഗീയ സംഘടനകളല്ലെന്ന പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രി എ.കെ ആന്റണി രംഗത്തു വന്നിട്ടുണ്ട്.
അഭിമന്യു കേസ് അന്വേഷണവും പ്രതികളെ പിടികൂടലും കേസ് വിചാരണയുമെല്ലാം കൊണ്ടുപിടിച്ചു നടക്കും. അടുത്ത രാഷ്ട്രീയ കൊലപാതകമുണ്ടാവുന്നത് വരെ ഇത് സംവാദങ്ങളിൽ നിറഞ്ഞു നിൽക്കും. അതാണല്ലോ നടപ്പു രീതി.
കാമ്പസ് രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞ രാഷ്ട്രീയ നേതാവാണ് ആന്റണി. മൂന്ന് വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്ത് കെ.എസ്.യു സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യവേ ഒന്നു രണ്ട് സുപ്രധാന വിഷയങ്ങൾ അദ്ദേഹം പരാമർശിക്കുകയുണ്ടായി. കോളേജ് കാമ്പസിൽ രാഷ്ട്രീയം നിരോധിച്ചതാണ് അടുത്ത കാലത്ത് നമ്മൾ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം. മറ്റൊന്ന് സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്ന വേളയിൽ സർക്കാരിന് നൽകിയ വാക്കുകൾ മാനേജ്‌മെന്റുകൾ പാലിക്കുന്നില്ലെന്ന്. ഇതിന്റെ ഫലമായാണല്ലോ പണിയില്ലാത്ത ബി.ടെക് ബിരുദധാരികൾ കേരളത്തിൽ തെക്കു വടക്ക് നടക്കുന്നത്. ആന്റണിയെ പറ്റി എതിരാളികൾ ഒരണ സമരത്തിലൂടെ വളർന്നു വന്ന കെ.എസ്.യു നേതാവെന്ന് കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. വ്യത്യസ്തമായ നിലപാടെടുത്താണ് ആന്റണി പലപ്പോഴും ശ്രദ്ധേയനാവാറുള്ളത്. കേരള മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ന്യൂനപക്ഷ സമ്മർദ പ്രസംഗം ഇത്തരത്തിലൊന്നായിരുന്നു. രാഷ്ട്രീയ പ്രവർത്തനം കോഴ വാങ്ങി കോടികൾ വാരിക്കൂട്ടുന്ന ഏർപ്പാടാണെന്ന ധാരണയിൽ കഴിയുന്നവർക്ക് ആന്റണി ഒരു പേടിസ്വപ്‌നമാണ്. അദ്ദേഹം തൊണ്ണൂറുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ ധീരമായ നടപടികളെടുത്താണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. സഹകരണ മേഖലയിലെ നിയമനങ്ങൾ പി.എസ്.സിയെ ഏൽപിക്കണമെന്ന ആന്റണിയുടെ നിലപാടിനെ എതിർക്കാൻ സ്വന്തം ചേരിയിലും ആളുണ്ടായിരുന്നു. കോൺഗ്രസും ലീഗും ഭരിക്കുന്ന ധാരാളം സഹകരണ സ്ഥാപനങ്ങളുണ്ടെന്ന വസ്തുത മനസ്സിലാക്കാതെയല്ല ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ആശ്വാസം പകരുന്ന തീരുമാനം അദ്ദേഹം നടപ്പാക്കിയത്. കാഷ്യർ-ക്ലാർക്ക് തസ്തികകളിൽ ജോലി ലഭിക്കാൻ ലക്ഷങ്ങൾ കോഴ വാങ്ങിയ ബാങ്ക് ഡയരക്ടർ ബോർഡുകളാണ് പ്രതിസന്ധിയിലായത്. മറുപക്ഷത്ത് സി.പി.എം, സി.പി.ഐ കക്ഷികൾ നിയന്ത്രിക്കുന്ന ബാങ്കുകൾ തസ്തികകൾ വിൽക്കാറില്ലെങ്കിലും സ്വന്തം പാർട്ടിക്കാർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താറുണ്ടായിരുന്നു. ചാരായ നിരോധനം നടപ്പാക്കി വീട്ടമ്മമാരുടെ കണ്ണിലുണ്ണിയായ ആന്റണി സഹകരണ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചും ശ്രദ്ധേയനായി.
കാമ്പസ് രാഷ്ട്രീയം നിരോധിച്ചത് അബദ്ധമായെന്ന് പറഞ്ഞ ആന്റണി മറ്റൊരു സുപ്രധാന വിഷയം കൂടി സൂചിപ്പിച്ചു. രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനകളുടെ സ്ഥാനത്ത് നമ്മുടെ കാമ്പസുകൾ ആരാണ് കീഴ്‌പ്പെടുത്തിയിരിക്കുന്നതെന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്. സാമുദായിക തീവ്രവാദ സംഘടനകളുടെ കേളീരംഗമാണ് കേരളത്തിലെ മിക്കവാറും കാമ്പസുകൾ. യുവതലമുറയിൽ സ്പർധയുടെ വിഷ വിത്ത് കുത്തിവെക്കാൻ കലാലയങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്നത് വ്യക്തം.
എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.വി.ജെ എന്നീ സംഘടനകളാണ് മൂന്ന് ദശകങ്ങൾക്കപ്പുറം കേരളത്തിലെ കാമ്പസുകളിൽ സജീവമായുണ്ടായിരുന്നത്. കോഴിക്കോട്ടെ പ്രമുഖ പ്രൊഫഷണൽ കലാലയങ്ങളായ റീജനൽ എൻജിനിയീറിംഗ് കോളേജ്, മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾ ആക്ടിവിസത്തിന്റെ കേന്ദ്രമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പിൽ പോലീസുകാർ ഉരുട്ടിക്കൊന്ന രാജൻ എന്ന വിദ്യാർഥി കോഴിക്കാട് ആർ.ഇ.സിയിലാണ് പഠിച്ചു വന്നിരുന്നത്. കോഴിക്കോട് നഗരത്തിൽ അഴിമതി വീരന്മാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിനുള്ള ആസൂത്രണത്തിൽ കോളേജ് ഹോസ്റ്റലുകളിലെ അന്തേവാസികളും നിർണായക പങ്ക് വഹിച്ചു. സാംസ്‌കാരിക ജീർണതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങളുടെ തുടക്കവും കോളേജ് കാമ്പസുകളിൽ നിന്നായിരുന്നു.
കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ തികച്ചും രാഷ്ട്രീയമായി തന്നെ സംഘടനകൾ മത്സരിച്ചു. നഗരത്തിലെ പ്രമാണി കുട്ടികൾ ഇതിൽനിന്നെല്ലാം മാറി സ്വതന്ത്ര സംഘടനകൾക്ക് രൂപം നൽകിയും മത്സരിക്കാറുണ്ടായിരുന്നു. ഇലക്ഷൻ നാളുകൾ വരെ ഷൈൻ ചെയ്യാനുള്ള സൂത്രമെന്നതിൽ കവിഞ്ഞ പ്രാധാന്യം ഇതിനില്ല.
പ്ലസ് ടു എന്ന പേര് മാറ്റിയ പഴയ പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തുന്നത് വരെ കാമ്പസുകൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രാഥമിക പരിശീലനക്കളരിയായിരുന്നു.
കാമ്പസ് രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം വിദ്യാർഥികൾക്കും ലഭിച്ചിരുന്നു. സർക്കാരോ, സർവകലാശാലയോ അന്യായമായി ഫീസ് വർധിപ്പിച്ചാൽ സംസ്ഥാനം സ്തംഭിപ്പിക്കുന്ന തരത്തിലെ സമരങ്ങളാണ് നടമാടിയിരുന്നത്. സ്വകാര്യ ബസുകാർ കോളേജ് ട്രിപ്പ് മുടക്കിയാൽ കാമ്പസിലെ വിപ്ലവകാരികൾ ഉടൻ ബസ് സ്റ്റാന്റിലെത്തി ഏത് കൊമ്പന്റെ ബസാണെങ്കിലും പിടിച്ച് കോളേജിലെത്തിച്ച് ക്ഷ വരപ്പിക്കുന്നതൊക്കെ അന്നത്തെ യൗവനത്തിന്റെ ആഹ്ലാദങ്ങളായിരുന്നു. അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുമ്പോൾ തികഞ്ഞ ഐക്യബോധത്തോടെ ആശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങാൻ കുട്ടികൾക്ക് പ്രചോദനമായിരുന്നതും വിദ്യാർഥി സംഘടനകളാണ്.
പ്രീഡിഗ്രിയും വിദ്യാർഥി സംഘടനകളും ഇല്ലാതായതോടെ കാമ്പസുകളിൽ അരാജകത്വം കൊടി കുത്തിവാഴാൻ തുടങ്ങി. സാമുദായിക സംഘടനകളും തീവ്രവാദികളും പ്രൊഫഷണൽ കോളേജുകളുൾപ്പെടെയുള്ള കലാലയങ്ങളുടെ നിയന്ത്രണമേറ്റെടുത്തു.
അക്രമ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞാണ് കാമ്പസ് രാഷ്ട്രീയത്തെ നീതിപീഠം നിരോധിച്ചത്. 2003 മെയ് 26 ലെ ഹൈക്കോടതി ഉത്തരവിലൂടെയാണ് കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക് വന്നത്. കോളേജ് കാമ്പസുകളിൽ വിലപ്പെട്ട മനുഷ്യ ജീവനുകൾ പൊലിഞ്ഞു വീഴുന്നത് ഒട്ടും ആശാസ്യമല്ല.
1970 മുതൽ 2003 വരെയുള്ള കണക്കെടുത്തപ്പോൾ 43 വിദ്യാർഥികളാണ് കേരളത്തിലെ കാമ്പസുകളിൽ സംഘട്ടനങ്ങളിൽ മരിച്ചത്. ഇവരിൽ മുപ്പത് പേരും എസ്.എഫ്.ഐയുടെ പ്രവർത്തകരാണ്. കെ.എസ്.യുവിന്റെ പത്ത് പ്രവർത്തകർ മരിച്ചു. എ.ബി.വി.പിയുടെ മൂന്ന് പേരും ഇതേ കാലയളവിൽ മരിച്ചു. കാമ്പസുകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതായെങ്കിലും തികച്ചും അപകടകരമായ സാഹചര്യത്തിലൂടെയാണ് കേരളത്തിലെ കാമ്പസുകളുടെ പ്രയാണമെന്ന് വേഗം തിരിച്ചറിയാനാവും.
നൂറ്റാണ്ടിന്റെ സാക്ഷിയാണ് കോഴിക്കോട്ടെ കലാലയ മുത്തശ്ശിയായ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. വി.കെ കൃഷ്ണമേനോൻ, സി.എച്ച് മുഹമ്മദ് കോയ മുതൽ പ്രഗത്ഭരായ പൂർവ വിദ്യാർഥികളുടെ പഠന കേന്ദ്രം. ഈ കുറിപ്പുകാരൻ ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുന്ന കാലത്ത് വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഒരു സഖാവിനെ കൊലപ്പെടുത്തിയ മറ്റൊരു വിദ്യാർഥി സംഘടനയുടെ സംസ്ഥാന നേതാവ് എൽ.എൽ.ബിക്ക് ശേഷം എം.എയ്ക്ക് വന്നു ചേർന്ന സമയം. സർവകലാശാല കൗൺസിലിലെത്തുകയെന്നതാണ് പിൽക്കാലത്ത് വ്യവസായിയായി മാറിയ ഖദർധാരിയുടെ ലക്ഷ്യം. യു.യു.സി സ്ഥാനത്തേക്ക് മത്സരിച്ച നേതാവ് തോറ്റു. ജൂനിയർ ബാച്ചുകാരുടെ എല്ലാ ക്ലാസ് മുറികളിലും ചെന്ന് കൊലപാതക രാഷ്ട്രീയക്കാരനെതിരെ പ്രസംഗിക്കാനുള്ള ദൗത്യമായിരുന്നു എനിക്ക് ലഭിച്ചത്. പ്രസംഗ പരിശീലനത്തിനുള്ള മികച്ച അവസരം കൈവന്നുവെന്നത് ഏറ്റവും വലിയ നേട്ടം. ഫസ്റ്റ് പ്രീഡിഗ്രിക്കെത്തിയ നവാഗതരെ ആവേശം കൊള്ളിക്കുന്ന വിധം ബ്രണ്ണനിലെ അക്രമത്തിന്റെ ലൈവ് കമന്ററി വിവിധ ക്ലാസ് മുറികളിൽ പല ദിവസങ്ങളിലും ആവർത്തിച്ചു. കെ.എസ്.യുവിന്റെ തലതൊട്ടപ്പന്റെ പേരെടുത്ത് പരാമർശിച്ച് പ്രസംഗിച്ചിട്ടും കെ.എസ്.യുക്കാർ ശാരീരികമായി ഉപദ്രവിക്കാൻ വന്നിരുന്നില്ലെന്നത് തിരിഞ്ഞു നോക്കുമ്പോൾ അന്നത്തെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മഹത്വമായി വിലയിരുത്താം.
ഗുരുവായൂരപ്പൻ കോളേജിൽ അന്ന് എസ്.എഫ്.ഐ, കെ.എസ്.യുവിന്റെ അത്ര ശക്തമല്ല. കെ.എസ്.യു ആന്റണിയും ഇന്ദിരയുമായി മാറി നിൽക്കുന്നത് മാത്രമാണ് ആശ്വാസം. എന്നാലും എ കോൺഗ്രസിനൊപ്പം വിദ്യാർഥി ജനതാദൾ ചേർന്നതിനാൽ അവർ ശക്തരാണ്. കെ.എസ്.യു ഐയും എസ്.എഫ്.ഐയും വെവ്വേറെയും. വയനാട്ടിലേയും പേരാമ്പ്ര, തിരുവമ്പാടി ഭാഗങ്ങളിലേയും കാർഷിക ബൂർഷ്വാ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെല്ലാം കെ.എസ്.യുവോ വിദ്യാർഥി ജനതാദളോ ആയിരിക്കും. വർഗീയ സംഘടന എന്നു പറയാൻ എ.ബി.വി.പി ഉണ്ടെങ്കിലും അത്ര അക്രമോത്സുകരായിരുന്നില്ല. രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടി നടക്കുന്നതിലൊതുങ്ങും അവരുടെ ആക്ടിവിസം. കാമ്പസ് ഫ്രണ്ട് പോയിട്ട് എം.എസ്.എഫിന് പോലും യൂനിറ്റുണ്ടായിരുന്നില്ല.
കഴിഞ്ഞ അവധിക്കാലത്ത് വീണ്ടും കണ്ടുമുട്ടിയ പ്രശസ്ത മാധ്യമ പ്രവർത്തകൻ കേരളത്തിലെ യുവതലമുറയുടെ വഴി പിഴച്ച പോക്കിനെ പറ്റി വിലപിക്കുകയുണ്ടായി. കേരള സമൂഹം അതിവേഗം വർഗീയ ധ്രുവീകരണത്തിന് വിധേയമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയത് മുതൽ തുടങ്ങിയ ദുരന്തം മതത്തിന്റേയും ജാതിയുടേയും പേരിൽ അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായതോടെയാണ് പൂർണത കൈവരിച്ചതെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തോട് പൂർണമായും യോജിക്കാം. അരാഷ്ട്രീയവാദികളുടെ കാമ്പസ് ഒരു തരത്തിലും അഭിലഷണീയമല്ലെന്ന് ചുരുക്കം.