കോഴിക്കോട് - വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് . പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ഒരു കെ.എസ്.യു പ്രവര്‍ത്തകന് പരിക്കേറ്റു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ഫായിസ് നടുവണ്ണൂരിനാണ് കണ്ണിന് പരിക്കേറ്റത്. ഫായിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് റോഡില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അര്‍ജുന്‍ പൂനത്ത്, എ.കെ ജാനിബ്, റനീഫ് മുണ്ടോത്ത്, ആകാശ്, ഷാഹി.എ ബഷീര്‍ ഉള്‍പ്പെടെ 15 പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റി. ഡി.സി.സി പരിസരത്ത് നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫീസ് പരിസരത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടില്‍ ഏറെ തവണ ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ കണ്ണീര്‍ വാതക പ്രയോഗവും നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.