കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ നിരക്ക് വർധിപ്പിച്ചുള്ള ഷോക്കടിപ്പിക്കൽ മലയാളികളെ സംബന്ധിച്ചിടത്തോളം പുതുമയല്ല. ഇടക്കിടെ താരിഫിൽ വ്യത്യാസം വരുത്തി കാലാകാലങ്ങളായി വൈദ്യുതി ബോർഡ് അതു ചെയ്തുവരുന്നതാണ്. അതുമായി നാം താദാത്മ്യം പ്രാപിക്കുകയും ചെയ്തു. വർധനവിനെതിരെ ആദ്യ ദിവസങ്ങളിൽ വൻ പ്രതിഷേധവും ബഹളവുമൊക്കെ കാണും. പിന്നെ അതു താനെ കെട്ടടങ്ങും. അതോടെ ഒരു മടിയും കൂടാതെ പറഞ്ഞ തുക കൊടുക്കാനും തയാറാവും. നഷ്ടത്തിന്റെ നിരക്കുമായി ബോർഡ് വീണ്ടും വരും. പിന്നെയും തഥൈവ. അതിനാൽ വൈദ്യുതി നിരക്ക് വർധന എപ്പോഴും പ്രതീക്ഷിച്ചു തന്നെയാണ് കേരളത്തിലെ ഉപഭോക്താക്കൾ കഴിയുന്നത്. സഹികെടുമ്പോൾ ചില സ്വയം നിയന്ത്രണങ്ങളൊക്കെ പാലിക്കും. എ.സിയെ കാഴ്ചക്കാരനാക്കി മാറ്റും. ഫ്രിഡ്ജിനെ ഓഫാക്കി ഇടും. ഇസ്തിരിപ്പെട്ടി ചിരട്ടക്കരിയുടേതാക്കും. അലക്ക്, അര യന്ത്രങ്ങൾക്ക് ഇടക്കിടെ വിശ്രമം കൊടുക്കും. ലൈറ്റുകൾ അത്യാവശ്യത്തിനു മാത്രം കത്തിക്കും. അങ്ങനെ ചെപ്പടി വിദ്യകളിലൂടെ വൈദ്യുതി നിരക്കിൽ കുറവ് വരുത്താൻ പരമാവധി ശ്രമിക്കും.
എന്നാൽ വിദേശത്ത് കഴിയുന്ന മലയാളികൾക്ക് ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യമ്പോഴെല്ലാം അദ്ഭുതമായിരുന്നു. കാരണം ഒരു നിയന്ത്രണവുമില്ലാതെയാണ് അവർ വൈദ്യുതി ഉപയോഗിച്ചിരുന്നത്. വെളിച്ചം കയറുന്ന ഫഌറ്റുകളിൽ പോലും ലൈറ്റുകൾ അണക്കാറേ ഉണ്ടായിരുന്നില്ല. എ.സിയുടെ കാര്യം പറയുകയേ വേണ്ട. ശൈത്യകാലത്തു പോലും അതു പ്രവർത്തിപ്പിക്കും. വീട്ടുപകരണങ്ങളായ യന്ത്രങ്ങളെയും വിശ്രമമില്ലാതെ പണിയെടുപ്പിക്കും. എന്നിട്ടും വൈദ്യുതി ബിൽ കണ്ട് ആരും ഞെട്ടാറില്ല. എന്നാലിപ്പോൾ പലരും ഞെട്ടാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസത്തെ ബിൽ കിട്ടിയപ്പോൾ പലർക്കും ഷോക്കടിച്ചു.
സൗദി ഇലക്ട്രിസിറ്റി കമ്പനി വൈദ്യുതി നിരക്കു വർധന പ്രഖ്യാപിച്ചപ്പോൾ പലരും ഇത്രയും പ്രതീക്ഷിച്ചില്ല. അനുദിനം ഓരോ മേഖലകളിലും ചെലവ് വർധിച്ചുകൊണ്ടിരിക്കേ ഇലക്ട്രിസിറ്റി നിരക്കു വർധന കൂടിയായതോടെ പലരുടേയും കുടുംബ ബജറ്റുകൾ താളം തെറ്റി. അധികപേരും നാടു പിടിക്കാൻ തുടങ്ങി. എന്തായാലും വിദേശികൾക്ക് അവരുടെ നാട്ടിലേതു പോലെ പ്രതിഷേധിക്കാനാവില്ലെങ്കിലും സ്വദേശികൾ പ്രതിഷേധത്തിലാണ്. വൈദ്യുതി നിരക്ക് വർധന അമിതമാണെന്നും കുറക്കണമെന്നുമുള്ള സ്വദേശികളുടെ ആവശ്യം സാമൂഹിക മാധ്യമങ്ങളിൽ ശക്തിപ്പെട്ടു വരികയാണ്. അതോടൊപ്പം ഇതുവരേക്കും വൈദ്യുതി ഉപയോഗത്തിൽ ഒരു നിയന്ത്രണവും പാലിക്കാതിരുന്നവർ സ്വയം നിയന്ത്രണത്തിനും തയാറായിക്കൊണ്ടിരിക്കുന്നു. സൗദി ഇലക്ട്രിസിറ്റി കമ്പനി ലക്ഷ്യമിട്ടതും അതു തന്നെയാണ്. പക്ഷേ, ഇവിടത്തെ കാലാവസ്ഥക്ക് നിയന്ത്രണം അപ്രായോഗികമാണെന്നും നിരക്ക് കുറച്ചേ മതിയാകൂ എന്നുമുള്ള ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വൈദ്യുതി ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്. ബിൽ തുകയിൽ 17 മുതൽ 67 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സിറ്റിസൺ അക്കൗണ്ട് പദ്ധതിയിലൂടെ വർധിച്ച തുകയുടെ ഒരു ഭാഗം സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടുകൾ വഴി സ്വദേശി ഉപഭോക്താക്കൾക്ക് ലഭിക്കുമെങ്കിലും ആയിരക്കണക്കിനു റിയാലിന്റെ വർധവയാണുണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. ഫഌറ്റ് വാടകയേക്കാൾ കൂടുതലാണ് പലരുടെയും വൈദ്യുതി ബിൽ. ശരാശരി ഫഌറ്റ് വാടക 1500 റിയാലാണെങ്കിൽ ഇക്കഴിഞ്ഞ മാസം പലർക്കും ലഭിച്ച വൈദ്യുതി ബിൽ അതിലും കൂടുതലാണ്.
ശൂറാ കൗൺസിൽ അംഗങ്ങളായ അബ്ദുല്ല അൽഖാലിദിയും ഡോ. സഈദ് അൽമാലികിയും വൈദ്യുതി നിരക്ക് വർധനവിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. വൈദ്യുതി ബിൽ കുതിച്ചുയർന്നതിനുള്ള കാരണങ്ങളെ കുറിച്ച് ശൂറാ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി വിശകലനം ചെയ്തിരുന്നു. ബിൽ തുക വലിയ തോതിൽ ഉയർന്നതിൽ കമ്മിറ്റി അംഗങ്ങൾ ആശ്ചര്യം പ്രകടിപ്പിച്ചു. ബിൽ തുക വൻതോതിൽ കുതിച്ചുയർന്നതിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ ആരംഭിച്ച ഹാഷ്ടാഗിൽ ആയിരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. വൈദ്യുതി ബില്ലിൽ പ്രശ്‌നങ്ങളില്ലെന്ന ഇലക്ട്രിസിറ്റി കമ്പനിയുടെ പ്രസ്താവനക്കെതിരെ രണ്ടര ലക്ഷത്തിലേറെ ട്വിറ്ററുകളാണ് പുറത്തു വന്നത്.
പ്രതിഷേധത്തിൽ എഴുത്തുകാർ, പത്രപ്രവർത്തകർ, അഭിഭാഷകർ തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളുമുണ്ട്. വൈദ്യുതി, ഇന്ധനം, ഗതാഗത നിയമ ലംഘന പിഴ, ജോലിക്കാരെ നിയമിക്കുന്നതിലെ നടപടിക്രമങ്ങളുടെ നിരക്ക് വർധന, നിത്യോപയോഗ സാധന വില വർധന തുടങ്ങി എല്ലാ മേഖലയിലും വർധനയാണെന്നും ഇത് ജീവിതം പ്രയാസകരമാക്കിയിരിക്കുന്നുവെന്നുമാണ് ഇവർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെലവുകൾക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വിശ്രമമില്ലാതെ പണിയെടുക്കേണ്ട അവസ്ഥയാണുള്ളതെന്ന് പ്രശസ്ത എഴുത്തുകാരൻ അബ്ദു ഖാലിന്റെ അഭിപ്രായത്തിനു സമാനമായിരുന്നു ഫുട്‌ബോൾ റഫറി അഹ്മദ് അൽവാദിയുടേയും മാധ്യമ പ്രവർത്തകൻ ആദിൽ അൽമുൽഹിമിന്റെയും എഴുത്തുകാരനും അഭിഭാഷകനുമായ അബ്ദുറഹ്മാൻ അല്ലാഹിമിന്റെയുമെല്ലാം അഭിപ്രായം. പ്രശ്‌നത്തിൽ ഇലക്ട്രിസിറ്റി ആന്റ് കോജനറേഷൻ റെഗുലേറ്ററി അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും നിരക്കുകൾ കുറക്കുന്നതിന് അതോറിറ്റി രാജാവിന് റിപ്പോർട്ട് സമർപ്പിക്കണമെന്നുമുള്ള നിർദേശം ശൂറാ കൗൺസിൽ സാമ്പത്തിക, ഊർജ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ അൽറാശിദ് മുന്നോട്ടു വെച്ചിട്ടുണ്ട്.
വൈദ്യുതി നിരക്കിന്റെയും മറ്റു നിരക്കുകളുടെയും മറവിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വർധന വന്നുകൊണ്ടിരിക്കുകയാണ്. അൽമറായ് കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് വാറ്റ് ഏർപ്പെടുത്തിയപ്പോഴുണ്ടായ വർധനവിനു തൊട്ടു പിന്നാലെയാണ് വീണ്ടും വർധന.
സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രയാസം സൃഷ്ടിച്ചിട്ടുള്ള നിരക്ക് വർധനവിൽ പുനഃപരിശോധനക്കുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ജനം. നിരക്ക് വർധനവ് ഏതു രംഗത്തായാലും സ്വയം നിയന്ത്രണത്തിനും ഉപയോഗം കുറക്കുന്നതിനും വഴിയൊരുക്കുമെന്നതിൽ സംശയമില്ല. ഇന്ധനത്തിലും വൈദ്യുതിയിലും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലുമെല്ലാം ഇതു പ്രകടമായിക്കഴിഞ്ഞു. പക്ഷേ ഇതു മാർക്കറ്റിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. അതിനാൽ ആശ്വാസ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.