കേരളീയരിൽ ജാതി ചിന്തയുണ്ട്. എന്നാൽ അതിനെ പ്രതിരോധിക്കുന്ന മനസ്സ് ശക്തമാണ്. വർഗീയ വാദികളുണ്ട്. എന്നാൽ മതനിരപേക്ഷതയുടെ അടിത്തറയുള്ളതിനാൽ മുസഫർ നഗറുകൾ എളുപ്പമല്ല. വികസനവാദികളുണ്ട്, എന്നാൽ ഗുജറാത്ത് വികസനത്തെക്കുറിച്ച് ബോധ്യമുള്ളവരാണ് അവർ. അമിത് ഷായുടെ ചെപ്പടി വിദ്യകൾ അത്രവേഗം ഇവിടെ വിലപ്പോകില്ല. നവോത്ഥാന മൂല്യങ്ങൾ ഉഴുതുമറിച്ചിട്ട രാഷ്ട്രീയ മണ്ണാണ് കേരളത്തിന്റേത്.
അമിത് ഷാ ഇത്രയേറെ ആശങ്കപ്പെടുന്നത് അടുത്തകാലത്തൊന്നും ആരും കണ്ടിട്ടില്ല. അമിതമായ ആശങ്കയാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. ഊണിലും ഉറക്കത്തിലും അദ്ദേഹം കൊണ്ടുനടക്കുന്ന, കേരളത്തെ കാവിവത്കരിക്കുകയെന്ന സ്വപ്‌നം അടുത്ത കാലത്തൊന്നും പ്രയോഗവത്കരിക്കാൻ സാധിക്കില്ലേ എന്നതാണ് ആശങ്കയുടെ കാതൽ. അതിന് അദ്ദേഹം പേർത്തും പേർത്തും കുറ്റപ്പെടുത്തുന്നത് പാർട്ടിയുടെ സംസ്ഥാന നേതാക്കളെത്തന്നെ.
തമ്മിലടിയും തൊഴുത്തിൽകുത്തും സാമ്പത്തിക ക്രമക്കേടും താൻപോരിമയും എന്നുവേണ്ട ഒരു രാഷ്ട്രീയ പാർട്ടിക്കുണ്ടാകേണ്ട എല്ലാ ഗുണഗണങ്ങളും ആവോളമുള്ള പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പി. അതിനാൽതന്നെ, അമിത് ഷായുടെ ആശങ്കക്ക് അടിസ്ഥാനമുണ്ട്. കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന ബംഗാളിലും ത്രിപുരയിലും ഇപ്പോൾ കാവിക്കൊടി ഉയരത്തിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു. കേരളം മാത്രം ഉരുക്കുകോട്ടപോലെ കമ്യൂണിസ്റ്റുകൾക്കൊപ്പം നിൽക്കുന്നു. ദേശീയ മുദ്രാവാക്യമായ കോൺഗ്രസ് മുക്ത ഭാരതം കേരളത്തിലേക്ക് വരുമ്പോൾ കമ്യൂണിസ്റ്റ് മുക്ത കേരളമായി ചുരുങ്ങിയിട്ടുണ്ട്. അതിനാവശ്യമായ എല്ലാ വിഭവങ്ങളും കൊടുത്തനുഗ്രഹിച്ചിട്ടും കേരളം കൈപ്പിടിയിലൊതുങ്ങാത്ത ലക്ഷണമാണ് കാണിക്കുന്നത്. അഖിലേന്ത്യാ അധ്യക്ഷൻ കോപിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
ബി.ജെ.പി അധ്യക്ഷൻ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തോട് സംസാരിച്ചതിന്റെ വിശദവിവരങ്ങൾ എല്ലാ മാധ്യമങ്ങളും സവിസ്തരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് വായിച്ചാൽ എതിർപാർട്ടിക്കാർക്ക് പോലും കേരളത്തിലെ ബി.ജെ.പി നേതാക്കളോട് സഹതാപം തോന്നും. അത്രയേറെ കർക്കശമായ ശകാരമാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. കേരളത്തിന് കേന്ദ്രം വാരിക്കോരി നൽകിയ സഹായങ്ങളുടേയും കോടികളുടെ ഫണ്ടിന്റേയും കണക്കുകൾ അദ്ദേഹം നിരത്തി. ഇതൊന്നും വോട്ടാക്കി മാറ്റാൻ കേരളത്തിലെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലത്രെ. കേരളത്തിന് മാത്രമല്ല, സ്വന്തം പാർട്ടിക്കും ആവശ്യത്തിലേറെ ഫണ്ട് നൽകി. അതും പ്രയോജനപ്പെട്ടില്ല. നേതാക്കൾ വീതംവെച്ചും തൻകാര്യത്തിന് ചെലവഴിച്ചും അതെല്ലാം തീർത്തു. ഏറ്റവുമൊടുവിൽ നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽപോലും പാർട്ടിയുടെ ഗ്രാഫ് താഴോട്ടാണ്. വിപുലമായ ബന്ധുജനബലമുള്ള മണ്ഡലത്തിൽ ശ്രീധരൻ പിള്ളക്ക് കുറഞ്ഞത് എണ്ണായിരത്തോളം വോട്ടുകൾ.
കേരളത്തിൽ പാർട്ടിക്ക് നൽകിയ ഫണ്ടുകളുടെ കണക്കുകൾ അമിത് ഷാ നിരത്തിയത് ഇങ്ങനെ. ദേശീയാടിസ്ഥാനത്തിൽ എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് ബി.ജെ.പി മണ്ഡലങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് അനുവദിക്കുന്നത്. ഉറപ്പായും ജയിക്കുന്ന മണ്ഡലം-എ, വിജയസാധ്യതയുള്ള മണ്ഡലം-ബി, നന്നായി പരിശ്രമിച്ച് വിജയിക്കേണ്ട മണ്ഡലം-സി എന്നിങ്ങനെയാണത്രെ തരം തിരിക്കുന്നത്. എ വിഭാഗം മണ്ഡലങ്ങൾക്ക് കുറഞ്ഞത് അഞ്ചു കോടിയും മറ്റ് മണ്ഡലങ്ങളിൽ ഒരു കോടിയിൽ കുറയാതെയുമുള്ള തുകയുമാണ് നൽകുന്നത്. അപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾക്കു വേണ്ടി കേരളത്തിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയാകുമെന്ന് വെറുതെയൊന്ന് കണക്കുകൂട്ടി നോക്കുക. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബി.ജെ.പി നേതാക്കളുടെയും സ്ഥാനാർഥികളുടെയും സ്വത്ത് വർധിക്കാറുണ്ടത്രെ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ചില എൻ.ഡി.എ സ്ഥാനാർഥികൾ ആഡംബര വാഹനങ്ങൾ വാങ്ങുകയും മണിമാളികകൾ നിർമ്മിക്കുകയും ചെയ്തു. ആർ.എസ്.എസ് നിയോഗിച്ച മുൻ സംഘടനാ സെക്രട്ടറിയെ ബി.ജെ.പിയുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത് തന്നെ ഫണ്ട് തിരിമറി മൂലമാണ്. സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് വിവിധ പരിപാടികൾക്കു വേണ്ടി അനുവദിച്ച രണ്ടര കോടിയുടെ കണക്ക് നൽകാത്ത ജില്ലാ പ്രസിഡന്റിന് പാർട്ടി നോട്ടീസ് അയച്ച് മടുത്തിരിക്കുകയാണ്. ഇങ്ങനെപോകുന്നു ബി.ജെ.പി കേരളത്തിൽ ചെലവഴിച്ച സംഖ്യയുടെ കണക്കുകൾ.
കേരളത്തിലെ പാർട്ടിക്ക് പണവും പദവിയുമെല്ലാം നൽകിയിട്ടും വോട്ട് മാത്രം ലഭിക്കാത്തതെന്ത് എന്ന അമിത് ഷായുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. കുമ്മനത്തെ ഗവർണറാക്കി. അൽഫോൻസിനെ കേന്ദ്രമന്ത്രിയാക്കി. സുരേഷ് ഗോപിയേയും വി. മുരളീധരനേയും എം.പിമാരാക്കി. ഒന്നും നടന്നില്ല. ഇവയെല്ലാം നേതാക്കൾ സ്വന്തം വളർച്ചക്കും ഗ്രൂപ്പ് വളർത്താനുമാണ് ഉപയോഗിക്കുന്നതെന്നാണ് അമിത് ഷായുടെ കണ്ടെത്തൽ. ഇതെല്ലാം സത്യമായിരിക്കാം. എന്നാൽ അമിത് ഷാ കേരളത്തിലെ രാഷ്ട്രീയത്തെ കുറച്ചുകൂടി സത്യസന്ധമായി വിലയിരുത്താൻ ശ്രമിച്ചാൽ അദ്ദേഹത്തിന് കൃത്യമായ ഒരു മറുപടി സ്വയം കണ്ടെത്താൻ കഴിഞ്ഞേക്കും.
ഒന്നാമതായി അദ്ദേഹം മനസ്സിലാക്കേണ്ടത്, വോട്ട് കിട്ടാത്തത് ബി.ജെ.പി നേതാക്കളുടെ കുറ്റം കൊണ്ടല്ലെന്നാണ്. വാസ്തവത്തിൽ അവർ നന്നായി പരിശ്രമിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദിയുടെ നേതൃസ്ഥാനത്തുനിന്ന് കേന്ദ്രനേതൃത്വം പൊക്കിയെടുത്ത് ബി.ജെപിയുടെ അമരത്ത് പ്രതിഷ്ഠിച്ച കുമ്മനം രാജശേഖരൻ തന്നാൽ കഴിയുന്ന വിധമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഗ്രൂപ്പുകളി, തമ്മിലടി ഇതെല്ലാം മുറക്ക് നടക്കുന്നുണ്ടെന്നത് ശരി തന്നെ. അതൊന്നും പക്ഷെ പാർട്ടി പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നതാണ് സത്യം. എല്ലാ പാർട്ടികളിലുമുണ്ട് ഇത്തരം കലാപരിപാടികൾ. കുമ്മനത്തിന്റെ ചില പ്രവൃത്തികളൊക്കെ കണ്ടാൽ സാധാരണക്കാരന് ചിരിവരും. അത്രയേറെ താഴ്ന്നിറങ്ങിയും ആഴ്ന്നിറങ്ങിയും അദ്ദേഹം പ്രവർത്തിച്ചു. കുമ്മനം തന്നെ ഒരിക്കൽ അവകാശപ്പെട്ടത്, കേരളത്തിൽ പ്രതിപക്ഷമെന്നൊന്നില്ല എന്നാണ്. എന്തെങ്കിലും പ്രതിപക്ഷ പ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ തന്നെ അത് ബി.ജെ.പിയാണ് ചെയ്യുന്നത്. പിന്നെ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് വേരുപിടിക്കാൻ സാധിക്കാത്തത്.
ഉത്തരം ലളിതമാണ്: കേരളത്തിലെ ജനങ്ങളാണ് പ്രശ്‌നക്കാർ. അവർ വിവരവും വിദ്യാഭ്യാസമുണ്ടെന്ന് പൊങ്ങച്ചം നടിക്കുന്നവരാണ്. കണ്ണും കാതും തുറന്നുവെച്ച് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നോക്കുന്നവരാണ്. പത്രം വായിക്കുന്നവരും ടി.വി കാണുന്നവരുമാണ്. അതായത് രാഷ്ട്രീയ വിദ്യാഭ്യാസം അൽപം കൂടുതലാണെന്ന് സ്വയം അഹങ്കരിക്കുന്നവരാണ്. അതാണ് പ്രശ്‌നം. ഉത്തരേന്ത്യയിലേക്ക് നോക്കുന്ന കണ്ണുകൾകൊണ്ട് കേരളത്തിലേക്ക് നോക്കരുത്. അവിടത്തെ തന്ത്രങ്ങൾ ഇവിടെ അത്രവേഗം ഫിറ്റാവില്ല. ബിസിനസ് മാനേജ്‌മെന്റിന്റെ തന്ത്രങ്ങളും ഹൈടെക് വിദ്യകളും കൊണ്ട് വേഗം കീഴടക്കാൻ കഴിയുന്നതല്ല കേരളത്തിന്റെ ജനമനസ്സ്. ഈ യാഥാർഥ്യമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് മനസ്സിലാകാത്തത്.
നവോത്ഥാന മൂല്യങ്ങൾ ഉഴുതുമറിച്ചിട്ട രാഷ്ട്രീയ മണ്ണാണ് കേരളത്തിന്റേത്. ശ്രീനാരായണനും അയ്യങ്കാളിയും ജീവിച്ച മണ്ണ്. കേരളീയരിൽ ജാതി ചിന്തയും ജാതി വിവേചനവുമൊന്നുമില്ലെന്ന് ആരും പറയുന്നില്ല. എന്നാൽ അവയെ പ്രതിരോധിക്കാനുള്ള ഒരു ജന്മഗുണം ഇവിടെ വളർന്നുവന്നിട്ടുണ്ട്. കേരളത്തിൽ വർഗീയവാദികളില്ലെന്നോ, വർഗീയ ചിന്താഗതി വേരുപിടിക്കില്ലെന്നോ അവകാശപ്പെടാനാവില്ല. എന്നാൽ ഒരു വർഗീയ കലാപം ഉണ്ടാക്കാൻ മുസഫർ നഗർ പോലെ എളുപ്പമല്ല. കാരണം, മതനിരപേക്ഷ ചിന്താഗതി ഒരു ജന്മഗുണം പോലെ ഇവിടെ വേരുപടർത്തിയിട്ടുണ്ട്. വികസനത്തെക്കുറിച്ച് സംസാരിക്കാൻ അവർ നിങ്ങളെ അനുവദിക്കില്ല. കാരണം, ബി.ജെ.പിയുടെ മിശിഹാ നരേന്ദ്രമോഡി ഭരിച്ച ഗുജറാത്തിലെ വികസനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇവിടത്തെ ജനങ്ങൾ. വേറെ എന്തായുധങ്ങളാണ് അമിത് ഷാ, നിങ്ങളുടെ ആവനാഴിയിലുള്ളത്. ശൂന്യമായ ആവനാഴിയിലേക്ക് നോക്കി നെടുവീർപ്പിടാമെന്നല്ലാതെ, മുരളീധരൻ മുതൽ കെ. സുരേന്ദ്രൻ വരെയുള്ള നേതാക്കളെ ശകാരിച്ചിട്ട് എന്തെങ്കിലും നേടാനാകുമോ.
തീർച്ചയായും കേരളത്തിന്റെ രാഷ്ട്രീയരംഗം കലങ്ങിവരുന്നുണ്ട്. മോഡി പ്രഭാവം മധ്യവർഗക്കാരായ കേരളീയരെ, വിശിഷ്യാ, ഹിന്ദു യുവാക്കളെ ഏറെ സ്വാധീനിച്ചു എന്നത് വാസ്തവം തന്നെയാണ്. എന്നാൽ ദിവസവും രണ്ട് കള്ളങ്ങളെങ്കിലും പറയുന്ന മോഡിയുടെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു. നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഒന്നിറങ്ങി മോഡിയെക്കുറിച്ച് ചോദിക്കൂ.. അവർ അവരുടെ വറ്റിപ്പോയ പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും സംസാരിക്കും. മോഹഭംഗത്തെക്കുറിച്ച് തുറന്നു പറയും. രാജ്യത്തെ കാർന്നു തിന്നുന്ന തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തിനേറ്റ ആഘാതവും തിരിച്ചറിയാൻ ശേഷിയുള്ളവരാണ് ആ യുവാക്കൾ. കള്ളപ്പണം ഖജനാവിൽ തിരിച്ചെത്തിയിട്ടില്ലെന്നും ജി.എസ്.ടി മൂലം അമിതനായ വിലക്കയറ്റമുണ്ടായെന്നും പെട്രോളിനും ഡീസലിനും സഹിക്കാനാവാത്ത വിലയാണെന്നും അവർ പറയും.
അന്നന്നത്തെ അന്നത്തിന് പോലും പണമില്ലാതെ, ബാങ്കുകൾക്കും ടെല്ലറുകൾക്കും മുമ്പിൽ നിരാശയോടെ ക്യൂ നിൽക്കുമ്പോഴും മോഡിക്ക് ജയ് വിളിക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളെ നോക്കി കേരളത്തെ വിലയിരുത്തരുത്. മോഡി എന്ന രക്ഷകനാണല്ലോ ആവനാഴിയുടെ അവസാനത്തെ അമ്പ്. അതുകൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരളത്തെക്കുറിച്ച അമിത് ഷായുടെ ആശങ്കകൾ കൂടിവരിക തന്നെ ചെയ്യും.