കോഴിക്കോട് - മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
കോഴിക്കോട് ജില്ലാ സെക്രട്ടറി മുബശ്ശിർ ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറിേയറ്റംഗം അഫ്‌നാൻ വേളം, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്രയിൽ സന്ദർശനത്തിനിടെ മന്ത്രിയെ തടഞ്ഞത്. മന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നിലേക്ക് പതാകയുമായി ചാടി വീണ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജാമ്യം ലഭിച്ച പ്രവർത്തകരെ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്‌റഫ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് ഇലങ്കമൽ എന്നിവർ സ്വീകരിച്ചു.
അലോട്ട്‌മെന്റിനുമുൻപായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികൾ അറിയിച്ചു.