ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വീടുകളിലായാലും പുറത്തായാലും നമ്മുടെ തീൻമേശകൾ വിഷക്കൂട്ടുകളാൽ സമൃദ്ധമാണെന്നത് പുതിയ അറിവല്ല. ഓരോ തവണയും ഭക്ഷ്യയോഗ്യമല്ലാത്ത ഹോട്ടൽ ഭക്ഷണവും മാരകമായ ഭക്ഷ്യവസ്തുക്കളും ബന്ധപ്പെട്ട അധികൃതർ ഒരു ചടങ്ങു പോലെ പിടികൂടുമ്പോഴും ഞെട്ടലോടെ അത് നാം തിരിച്ചറിയുന്നു. ദിവസങ്ങൾ കഴിയുമ്പോൾ ജീവിതത്തിലെ മറ്റു പല ദുരന്തങ്ങളും എന്ന പോലെ അത് വിസ്മൃതിയിൽ ലയിച്ചുപോകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കു മുമ്പ് സംസ്ഥാന അതിർത്തിയിൽ നിന്നും ഫോർമാലിൻ കലർന്ന ടൺ കണക്കിന് മത്സ്യം കണ്ടെത്തിയതോടെ ഭക്ഷ്യവസ്തുക്കളിൽ മാരകമായ വിഷം കലർത്തി കേരളത്തിന്റെ വിപണിയിൽ എത്തുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ നമുക്കിടയിൽ വീണ്ടും സജീവമായി. അത്തരം കുറ്റകരവും മനുഷ്യത്വ ഹീനവുമായ കച്ചവട താൽപര്യങ്ങൾക്കെതിരെ സർക്കാർ നിരവധി നടപടികൾ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. അവയ്‌ക്കെതിരെ നിരന്തര നിരീക്ഷണവും ജാഗ്രതയും പുലർത്തുന്നതിനുള്ള സംവിധാനങ്ങളെയും മാർഗങ്ങളെയും പറ്റിയും അതിനാവശ്യമായ കർക്കശ നിയമ നടപടികളെയും നിയമ നിർമാണത്തെപ്പറ്റിതന്നെയും ചർച്ചകൾക്ക് 'ഓപറേഷൻ സാഗർ റാണി' വഴിയൊരുക്കി. അതിനോടൊപ്പം രാജ്യത്ത് ഏറ്റവുമധികം പാക്ക് ചെയ്ത കുടിവെള്ളം വിറ്റഴിയുന്ന കേരളത്തിൽ വിപണിയിലെത്തുന്ന കുപ്പിവെള്ളത്തിൽ നല്ലൊരു ഭാഗവും മനുഷ്യോപയോഗ യോഗ്യമല്ലെന്നും കണ്ടെത്തി. ഇപ്പോഴും രാജ്യത്ത് ഏറ്റവുമധികം തെങ്ങുകളുള്ള, സിംഹഭാഗം പാചകാവശ്യത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുന്ന, കേരളത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ വ്യാപകമാണെന്ന വാർത്തയും പുറത്തു വന്നു. ഈ വാർത്തകളെല്ലാം മലയാളിയിൽ പതിവു ഞെട്ടൽ സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ജീവിത ദുര്യോഗത്തിന്റെ പട്ടികയിൽപെടുത്തി നാം മുന്നോട്ടു പോകുകയാണ്. മാരക വിഷങ്ങളും മായവും കലർന്ന ഭക്ഷ്യവസ്തുക്കളെ ഒരു ജീവിത യാഥാർഥ്യമായി നിസ്സംഗമായ ലാഘവ ബുദ്ധിയോടെ സഹിക്കുന്ന മരവിച്ച മാനസികാവസ്ഥയിലാണ് മലയാളി എത്തിനിൽക്കുന്നത്, ഒരു തരം നിസ്സഹായാവസ്ഥ.
കേരളത്തിന്റെ ഭക്ഷ്യവിപണിയിൽ വിറ്റഴിയുന്ന പഴം പച്ചക്കറികൾ മുതൽ മാംസവും സമുദ്രോൽപന്നങ്ങൾ വരെയും കുപ്പിയിൽ നിറച്ച കുടിവെള്ളം മുതൽ വിവിധയിനം മസാലപ്പൊടികളും അരിയും ധാന്യോൽപന്നങ്ങളുമടക്കം ഭക്ഷ്യവസ്തുക്കൾ നമ്മുടെ തീൻമേശകളെ വിഷലിപ്തമാക്കി മാറ്റിയിരിക്കുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ഏതാണ്ട് എല്ലാ ഭക്ഷ്യവസ്തുക്കൾക്കും അയൽക്കാരടക്കം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം നിലനിൽക്കുന്നത്.
അയൽ സംസ്ഥാനങ്ങളിലെ കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ തുടങ്ങി മിക്ക കാർഷിക കാർഷികാനുബന്ധ സംരംഭങ്ങളും തൊഴിൽ മേഖലകളും വലിയൊരളവ് കേരള വിപണിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മത്സ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാന സമ്പദ്ഘടനയുടെ ദുർബലതയുമായി പൊരുത്തപ്പെടാത്ത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗമാണ് നമ്മുടേത്. വസ്തുത ഇതായിരിക്കേ ഒരു ജനതയുടെയാകെ ആരോഗ്യത്തെയും ആയുസ്സിനെയും ആരോഗ്യ പരിരക്ഷാ ചെലവുകളെയും തീർത്തും പ്രതികൂലമായി ബാധിക്കുന്ന ഭക്ഷ്യവിപണിയെ സമഗ്രമായി നിയന്ത്രിക്കുന്ന ഭക്ഷ്യ ആരോഗ്യ നയത്തിനും അതിന്റെ കർക്കശമായ നിർവഹണത്തിനും അടിയന്തര നടപടികൾ കൂടിയേ തീരൂ. വിഷവും മായവും കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്താതെ അവയുടെ സ്രോതസ്സിൽ തന്നെ തടയാൻ പര്യാപ്തമായിരിക്കണം അത്തരമൊരു നയപരിപാടി. അത് കേരളത്തെ ഒറ്റപ്പെട്ട ഒരു തുരുത്തായി കണ്ട് നടപ്പാക്കാവുന്ന നയപരിപാടിയായിക്കൂടാ. രാജ്യത്തെ ഒട്ടാകെ ഒരു വിപണിയായി കാണുന്ന ജിഎസ്ടി പോലുള്ള നികുതി സംവിധാനം ആവിഷ്‌കരിച്ച് സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിച്ച കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ അവഗണിക്കാനാവാത്ത ഉത്തരവാദിത്തമുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ വിപണിയെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതുമായ നയത്തെപ്പറ്റി ചിന്തിക്കുന്നതിനൊപ്പം സമാനവും കൂടുതൽ സമഗ്രവും രാജ്യത്തിനാകെ ബാധകവുമായ ഒരു ഭക്ഷ്യ ആരോഗ്യ നയരൂപീകരണത്തിന് കേന്ദ്രത്തിനു മേൽ സമ്മർദ്ദം ചെലുത്താൻ നമുക്ക് കഴിയണം.
ആരോഗ്യവും ആയുർദൈർഘ്യവും സന്തുഷ്ടവുമായ ഒരു ജനതയാണ് ഒരു ക്ഷേമ രാഷ്ട്രത്തിന്റെ അഭിമാന മുദ്ര. തീർത്തും ദുർബലമായ ഒരു സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പോലും രാജ്യത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള സ്ത്രീപുരുഷന്മാരുടെ സമൂഹമായി കേരളത്തെ നമുക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പു വരുത്താൻ കഴിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിന്റെ കൂടി നേട്ടമാണ്. ആ നേട്ടങ്ങൾ നിലനിർത്താൻ കഴിയണമെങ്കിൽ ആരോഗ്യ ദായകമായ ഭക്ഷ്യവസ്തുക്കൾ വിപണിയിൽ ലഭ്യമാക്കാൻ നമുക്ക് കഴിയണം. കേരള സമൂഹം ആകെയും ഭരണകൂടവും നിയമ നിർമാതാക്കളും ആ ദിശയിൽ ചിന്തിക്കാൻ ഇനി തെല്ലും കാലവിളംബമരുത്.