പാലക്കാട് - മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അട്ടപ്പാടി ഗവണ്മെന്റ് കോളേജില്‍ ലക്ച്വറര് തസ്തികയില്‍ അഭിമുഖത്തിന് എത്തിയ കെ വിദ്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് വിദ്യ കോളേജിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വ്യക്തമായി. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം അന്വേഷണത്തിനായി പോലീസ് കോളേജില്‍ എത്തിയപ്പോള്‍, വിദ്യ കോളേജിലേക്ക് വന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് ഓഫീസ് ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന് പറഞ്ഞിരുന്നു. എന്നാല്‍ ദൃശ്യങ്ങളുണ്ടെന്ന് പ്രിന്സിപ്പാല് പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. വിദ്യ ജോലിക്കായി നല്കിയ ബയോഡാറ്റ അടക്കമുള്ള രേഖകളും പോലീസ് ശേഖരിച്ചു. ഈ ബയോഡാറ്റയിലും ഇല്ലാത്ത പ്രവൃത്തി പരിചയം വിദ്യ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയുടെ തട്ടിപ്പ് ആദ്യം കണ്ടെത്തിയ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള് വര്‍ഗീസ് വിശദമായ മൊഴി പൊലീസിന് നല്കി. രേഖകളും കൈമാറി.