നിഹാല്‍ ക്രൂരമായി കൊല്ലപ്പെട്ട ശേഷവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണം

ഫയല്‍ ചിത്രം

തൃശൂര്‍ / കാസര്‍കോട് - കണ്ണൂരില്‍ ഭിന്നശേഷിക്കാരാനായ പതിനൊന്നു വയസ്സുകാരന്‍ നിഹാലിനെ തെരുവു നായ്ക്കള്‍ കടിച്ചു കീറി കൊലപ്പെടുത്തിയ ശേഷവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരില്‍ കടയിലേക്ക് പോകുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട്ട് വെള്ളരിക്കുണ്ടില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചു. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നജുല മറിയയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നജുലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News