Sorry, you need to enable JavaScript to visit this website.

അഭിമന്യു വധം ഉയർത്തുന്ന ചില പ്രശ്‌നങ്ങൾ

മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന എസ്. എഫ്. ഐ പ്രവർത്തകനായിരുന്ന ആദിവാസി വിദ്യാർത്ഥി കൊല ചെയ്യപ്പെട്ട ദാരുണ സംഭവത്തിൽ നിന്ന് കേരളീയ പൊതുസമൂഹം ഇനിയും മുക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും വർഗീയവുമായ പ്രശ്‌നങ്ങളെ കുറിച്ച് വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. നല്ലത്. സമാധാനപരമായ കാമ്പസ് അന്തരീക്ഷം വളർന്നുവരാൻ ഈ ചർച്ചകളും പ്രതിഷേധങ്ങളും സഹായിക്കുമെങ്കിൽ അത്രയും നന്ന്. അതേസമയം അഭിമന്യുവിന്റെ ജീവിതവും മരണവും ഉയർത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്. കേരളം ഇനിയും കാര്യമായി അഭിമുഖീകരിക്കാത്തതും അവഗണിച്ചതുമായ ചോദ്യങ്ങൾ. ആ മേഖലയിലേക്കും ചർച്ചകൾ നീങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴില്ലെങ്കിൽ പിന്നീടൊരിക്കലുമതുണ്ടാകില്ല. 
അഭിമന്യുവിന്റെ കുടുംബത്തിന് കാര്യമായ സഹായങ്ങൾ സർക്കാരും പാർട്ടിയും നൽകുമെന്ന് കരുതാം. അത് സ്വാഗതാർഹം തന്നെ. എന്നാൽ സ്വന്തമായി ആറടി സ്ഥലമോ കിടപ്പാടമോ ഇല്ലാത്ത, ഉണ്ടെങ്കിൽ അഭിമന്യുവിന്റേതുപോലെ ഒറ്റമുറികളിൽ കഴിയുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട് എന്നതാണ് വസ്തുത. അഭിമന്യു തമിഴ് ആദിവാസി കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ. ഐക്യകേരളം രൂപം കൊണ്ട് ആറ് ദശകം കഴിഞ്ഞിട്ടും കേരളത്തിലെ ആദിവാസികൾ, ദളിതർ, ദളിത് ക്രൈസ്തവർ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ സമൂഹങ്ങൾ തുടങ്ങിയവർക്ക് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭൂ അധികാരത്തിൽ ഒരിടവുമില്ല എന്നതാണ് വസ്തുത. പ്രകൃതി-വനം-മണ്ണ്-തണ്ണീർതടങ്ങൾ-കടൽ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിച്ചുവന്ന ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾ ഇന്ന് കോളനികൾ, ചേരികൾ, പുറമ്പോക്കുകൾ തുടങ്ങിയവയിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണ നടപടികൾ കൊണ്ട് ഇവർക്കൊരു ഗുണുമുണ്ടായില്ല. മാത്രമല്ല, അത് വൻകിട എസ്റ്റേറ്റുകളെയും ഭൂവുടമകളെയും ബാധിച്ചതുമില്ല. ജാതിവ്യവസ്ഥയ്ക്ക് പോറൽപോലും ഏൽപിച്ചില്ല. വനം-പ്രകൃതി-മണ്ണ് എന്നിവയെ ആശ്രയിച്ച് ജീവിച്ചുവന്ന ആദിവാസി ദലിത് പാരമ്പര്യസമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കാൻ യാതൊരുവിധ നിയമനിർമ്മാണവും പിന്നീട് നടന്നില്ല. കൃഷിഭൂമിയിൽ ഇപ്പോഴും കോർപ്പറേറ്റുകളും ഭൂമാഫിയകളും കുത്തക നിലനിർത്തുകയാണ്. റവന്യൂഭൂമിയുടെ 58 % (ഏതാണ്ട് 5 ലക്ഷം ഏക്കർ) ഹാരിസൺ, ടാറ്റ തുടങ്ങിയ വൻകിടക്കാർ വ്യാജരേഖകളിലൂടെ കൈവശം വച്ചുവരികയാണൈന്ന് സർക്കാർ നിയോഗിച്ച രാജമാണിക്യം റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. ഭൂപരിഷ്‌കരണത്തിന് ശേഷവും ദളിതരും മറ്റു പാർശ്വവൽകൃതരും 3 സെന്റിലേക്കും 5 സെന്റിലേക്കുമാണ് ആട്ടിപ്പായിക്കപ്പെട്ടത്. വൻകിട തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥയും പരമദയനീയമാണ്. തോട്ടം മുതലാളിമാരും സർക്കാരും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് അവരെ എങ്ങനെയെല്ലാമാണ് കൊള്ളയടിക്കുന്നതെന്ന് മൂന്നാർ പെമ്പിളൈ ഒരമൈ സമരത്തിലൂടെ കേരളം കണ്ടതാണ്. ഇത്തരത്തിൽ പ്രബുദ്ധകേരളം വഞ്ചിച്ച ഒരു സാമൂഹ്യവിഭാഗത്തിൽ നിന്നുതന്നെയാണ് അഭിമന്യുവും വരുന്നത്. അവന്റെ കുടുംബത്തിന്റെ അവസ്ഥ എല്ലാവരും കണ്ടല്ലോ. ഇതാണ് കേരളത്തിലെ ലക്ഷകണക്കിനു വരുന്ന, മേൽസൂചിപ്പിച്ച വിഭാഗങ്ങൾ നേരിടുന്ന അവസ്ഥ. 
ഇത്തരമൊരു സാഹചര്യത്തിൽ പോലും അനധികൃതമായി തോട്ടങ്ങൾ കയ്യടക്കിയിരിക്കുന്ന കുത്തകകളെ സംരക്ഷിക്കുകയാണ് മുൻസർക്കാരുകളെ പോലെ, അഭിമന്യുവിന്റെ സംഘടനയുടെ പിതൃസംഘടന നയിക്കുന്ന സർക്കാരും ചെയ്യുന്നതെന്നതാണ് മറ്റൊരു ദുരന്തം. ഇപ്പോഴിതാ തോട്ടം മേഖലയെ പരിസ്ഥിതി ദുർബല മേഖലകളിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം തന്നെ നോക്കുക. തോട്ടങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച 9 ഇന പരിപാടി സത്യത്തിൽ ഒരു കെണിയാണ്. ഭൂപരിഷ്‌ക്കരണത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയത് വഴി തൊഴിലാളികളുടെ പേരിൽ മുതലാളിമാരാണ് സംരക്ഷിക്കപ്പെട്ടതെന്ന ചരിത്രം ആവർത്തിക്കപ്പെടുകയാണ്. വളഞ്ഞ വഴിയിൽ ഉടമാവകാശം തോട്ടം മുതലാളിമാർക്ക് സ്ഥാപിച്ചു നൽകുന്നതാണ് 9 ഇന പരിപാടിയുടെ ഉള്ളടക്കം. നൂറ്റാണ്ടുകളായി മനുഷ്യാധ്വാനത്തിന്റെ ഫലമാണ് തോട്ടങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെന്നും പ്രഖ്യാപിക്കുന്ന സർക്കാർ അധ്വാനിച്ച അഭിമന്യുവിന്റെതുപോലുള്ള കുടുംബങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. പകരം ഭൂരഹിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത് ലൈഫ് എന്ന പദ്ധതിയാണ്. 
ഭൂരഹിതർക്ക് 3 സെന്റ് ഭൂമിയും ഭവന രഹിതർക്ക് 400 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള 5 ലക്ഷത്തോളം ഫഌറ്റുകൾ നിർമ്മിച്ച് പാർശ്വവൽകൃതരെ വീണ്ടും കോളനിവൽക്കരിക്കാനുള്ള നടപടിയാണത്. മേപ്പാടി, ചെങ്ങറ, അരിപ്പ, ആറളം, മുത്തങ്ങ തുടങ്ങി നിരവധി കേന്ദങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളെ അവഗണിച്ചാണ്  ഒരുതുണ്ട് ഭൂമി പോലും നൽകാതെ, വിഭവാധികാരത്തിനും സാമൂഹിക നീതിക്കും ഭൂമി എന്ന മർമ്മപ്രധാനമായ ആവശ്യത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നത്. ടാറ്റ, ഹാരിസൺ ഉൾപ്പടെയുള്ള കുത്തകകൾ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോർട്ട് തള്ളികളയുന്ന സർക്കാർ അവരുടെ ഒരു സെന്റ് ഭൂമി പോലും പിടിച്ചെടുക്കാതെയാണ് ലൈഫ് എന്ന പദ്ധതിയെ പറ്റി കൊട്ടിഘോഷിക്കുന്നത്. ഈ വഞ്ചനയെങ്കിലും ഈയവസരത്തിൽ വിളിച്ചുപറയേണ്ടതുണ്ട്. ഒപ്പം ഏത് പ്രസ്ഥാനമാണെങ്കിലും കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മിക്കവാറും പേർ അഭിമന്യുവിനെപ്പോലെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽനിന്നു വരുന്നവരാണെന്ന വസ്തുതയും തിരിച്ചറിയണം. അത്തരത്തിൽ ചാവേറുകളാകേണ്ടവരാണോ ഇവർ? അഭിമന്യുവിന്റെ മരണം കേവലം കക്ഷിരാഷ്ട്രീയ ചർച്ചകളിലൊതുക്കാതെ അവരുൾപ്പെടെയുള്ള പീഡിതസമൂഹങ്ങളുടെ സാമൂഹ്യനീതിക്കായുള്ള ഊർജമാക്കാനാണ് ജനാധിപത്യശക്തികൾ ശ്രമിക്കേണ്ടത് - ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തോടൊപ്പം. 

Latest News