കണ്ണൂർ - മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന് കണ്ണീരോടെ വിട. തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന് വെച്ചു.
വൻ ജനാവലിയുടെ സന്നിധ്യത്തിൽ മൃതദേഹം മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മന്ത്രി വി.എൻ വാസവൻ, വിവിധ ജനപ്രതിനിധികൾ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേർ അന്ത്യാജ്ഞലി അർപ്പിക്കാനെത്തി.
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അതിദാരുണമായാണ് സംസാരശേഷി പോലുമില്ലാത്ത 11-കാരനെ വീടിനും നാടിനും നഷ്ടമായത്. മരണവാർത്ത കേട്ട് വീട്ടുകാരെ ആശ്വസിപ്പിക്കാനും നിഹാലിനെ ഒരു നോക്കുകാണാനും വൻ ജനപ്രവാഹമാണ് വീട്ടിലേക്കൊഴുകിയത്.
ബഹ്‌റൈനിലുള്ള പിതാവ് നൗഷാദ് വൈകീട്ടോടെ നാട്ടിലെത്തുമെന്നും ശേഷം ഖബറടക്കം നടത്താനുമായിരുന്നു ആദ്യ തീരുമാനം. എന്നാൽ കാലാവസ്ഥയുൾപ്പെടുയുള്ള ചില പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് മൃതദേഹം കൂടുതൽ സമയം വയ്‌ക്കേണ്ടെന്ന് തീരുമാനിച്ച് ഉച്ചയോടെ തന്നെ ഖബറടക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു നിഹാലിനെ കാണാതായത്. വീട്ടുകാരറിയാതെ ഗേറ്റ് കടന്ന് അയൽവീട്ടിലേക്ക് പോയ നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംസാരശേഷിയില്ലാത്തതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലും കുട്ടിക്കായില്ല. അതിനാൽ തന്നെ നാട്ടുകാരും വീട്ടുകാരുമൊന്നും സംഭവം അറിഞ്ഞതുമില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ വീടിന്റെ പിറകിൽനിന്ന് ചോരയിൽ കുളിച്ച് അബോധാവസ്ഥയിൽ രാത്രി എട്ടരയോടെ നിഹാലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നാണ് സൂചന.
സമാനതയില്ലാത്ത വേദന സഹിച്ചാണ് മരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിയുടെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളത്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തിന് പിറകിലും ചെവിക്ക് പിറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.
അതിനിടെ, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തെരുവ് നായകളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു.